കലിംഗ സൂപ്പര്‍ കപ്പ്: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് വന്‍ തോല്‍വി

ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.ക്കെതിരേ കേരളാ ബ്ലാസ്റ്റേഴ്‌സിന് വന്‍ തോല്‍വി. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ജയവും രണ്ട് തോല്‍വിയുമായി.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍തന്നെ നോര്‍ത്ത് ഈസ്റ്റിന്റെ വക ഗോളെത്തി. പ്രദീപ് ഗൊഗോയ് വകയായിരുന്നു ഗോള്‍. പിന്നീട് ഒന്നാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല (1-0). രണ്ടാം പകുതിയിലെ 68-ാം മിനിറ്റില്‍ നോര്‍ത്തിന്റെ രണ്ടാമത്തെ ഗോളുമെത്തി. മുഹമ്മദ് ബെമ്മാമറാണ് സ്‌കോര്‍ ചെയ്തത്. രണ്ട് മിനിറ്റുകള്‍ക്കകംതന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റക്കോസിന്റെ വകയായി കേരളം ആശ്വാസ ഗോള്‍ കണ്ടെത്തി.

ഒരു ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് അല്പം ഉണര്‍ന്നു കളിച്ചെങ്കിലും നീണ്ടുനിന്നില്ല. 74-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിലൂടെ നോര്‍ത്ത് ഈസ്റ്റ് മൂന്നാമത്തെ ഗോളും കണ്ടെത്തി. പകരക്കാരനായെത്തിയ റഥീം ടിയാങ്ങാണ് ഗോള്‍ നേടിയത്. 79-ാം മിനിറ്റില്‍ ജിതിന്‍ എം.എസും നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പതനം പൂര്‍ണമായി. മത്സരം 4-1 എന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സ് തോറ്റു.

കഴിഞ്ഞ മത്സരത്തില്‍ ജംഷേദ്പുരിനോട് നേരിട്ട തോല്‍വിയോടെത്തന്നെ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍നിന്ന് പുറത്തായിരുന്നു.

Top