ക്രൊയേഷ്യന്‍ താരം മാര്‍ക്കോ ലെസ്‌കോവിച്ചിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

ക്രൊയേഷ്യയുടെ പ്രതിരോധതാരം മാര്‍ക്കോ ലെസ്‌കോവിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐ.എസ്.എല്‍) വേണ്ടിയാണ് താരത്തെ മഞ്ഞപ്പട ടീമിലെത്തിച്ചത്.

ക്രൊയേഷ്യയുടെ ടോപ് ഡിവിഷന്‍ ക്ലബ്ബായ ജി.എന്‍.കെ ഡൈനാമോ സാഗ്രെബില്‍ നിന്നാണ് ലെസ്‌കോവിച്ചിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്. ക്രൊയേഷ്യയുടെ ദേശീയ ടീം അംഗമായ താരം 2014-ല്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

30 കാരനായ ലെസ്‌കോവിച്ച് ക്രൊയേഷ്യന്‍ ലീഗില്‍ 150 ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്‍.കെ ഓസിയെക്ക് ക്ലബ്ബില്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച താരം ടീമിനായി 35 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. പിന്നീട് എച്ച്.എന്‍.കെ റിയേക്കയിലേക്ക് ചേക്കേറി. റിയേക്കയ്ക്ക് വേണ്ടി 41 മത്സരങ്ങളില്‍ പന്തുതട്ടിയ താരം യുവേഫ യൂറോപ്പ ലീഗില്‍ കളിച്ചിട്ടുണ്ട്.

2016 ജൂലായിലാണ് ലെസ്‌കോവിച്ച് ഡൈനാമോ സാഗ്രെബിലെത്തിയത്. സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിക്കുന്ന താരം ലെഫ്റ്റ് ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളിലും കളിക്കാറുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ടീമിലെത്തിക്കുന്ന ആറാമത്തെ വിദേശ താരമാണ് ലെസ്‌കോവിച്ച്. നിലവില്‍ ഡ്യൂറാന്‍ഡ് കപ്പില്‍ പങ്കെടുക്കുകയാണ് മഞ്ഞപ്പട.

 

Top