പ്രീ-സീസണ്‍ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അടുത്ത മാസം യുഎയിലേക്ക്. സെപ്റ്റംബര്‍ 5 മുതല്‍ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്‌സിന് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കളിക്കും. പുതിയ അന്തരീക്ഷവുമായി ടീം അംഗങ്ങള്‍ക്ക് പൊരുത്തപ്പെടാനും ടീമിന്റെ മികവ് വിലയിരുത്താനും യുഎഇ പര്യടനം അവസരമൊരുക്കും.
സെപ്റ്റംബര്‍ 9ന് അല്‍ വാസല്‍ എഫ്‌സിക്കെതിരെയാണ് സബീല്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സൗഹൃദ മത്സരം. സെപ്റ്റംബര്‍ 12ന് ഷാര്‍ജ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്‌ബോള്‍ ക്ലബ്ബിനെയും സെപ്റ്റംബര്‍ 15ന് കഴിഞ്ഞ വര്‍ഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അല്‍ അഹ്ലിയെയും നേരിടും. ഷഹാബ് അല്‍ അഹ്ലി സ്റ്റേഡിയം അല്‍ അവിര്‍ ദുബായിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അല്‍ അഹ്ലിക്കെതിരായ പോരാട്ടം. മിഡില്‍ ഈസ്റ്റിലുള്ള വലിയൊരു വിഭാഗം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി ബന്ധപ്പെടാനുള്ള അവസരമായും പ്രീ-സീസണ്‍ ടൂര്‍ മാറും. ആരാധകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം കാണാനുള്ള അവസരം കൂടിയാണിത്.
കൊച്ചിയില്‍ ഒരു മാസത്തെ പ്രീ-സീസണ്‍ പരിശീലനം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഡ്യൂറന്റ് കപ്പിന്റെ 132-ാം പതിപ്പില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലാണ്. സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ മുന്‍പായുള്ള ഇവാന്‍ വുകോമനോവിച്ചിനും സംഘത്തിനുമുള്ള അവസാനവട്ട ഒരുക്കമായിരിക്കും യുഎഇ പര്യടനം.