കേരള ബ്ലാസ്റ്റേഴ്‌സിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പൂട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കേരള ബ്ലാസ്റ്റേഴ്‌സിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും (എഎഫ്‌സി) ദേശീയ ഫെഡറേഷനും (എഐഎഫ്എഫ്) ലൈസന്‍സ് നിഷേധിച്ചു. ഫെഡറേഷന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് ലൈസന്‍സ് നിഷേധിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ 4 ഐഎസ്എല്‍ ക്ലബ്ബുകള്‍ ലൈസന്‍സ് നിഷേധിച്ചിട്ടുണ്ട്. ഒഡീഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഹൈദരാബാദ് എഫ്‌സി, സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാള്‍ എന്നിവയാണ് ലൈസന്‍സ് ലഭിക്കാത്ത മറ്റു ക്ലബ്ബുകള്‍. പക്ഷേ, ക്ലബ്ബുകള്‍ക്ക് അപ്പീല്‍ നല്‍കുകയോ ലൈസന്‍സ് ഇളവു നല്‍കണമെന്ന് അപേക്ഷിക്കുകയോ ചെയ്യാവുന്നതാണ്. കോവിഡ് സാഹചര്യത്തില്‍ ഇളവു ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

കായികം, ഇന്‍ഫ്രാസ്ട്രക്ചര്‍, ജീവനക്കാര്‍, നിയമം, സാമ്പത്തികം എന്നീ 5 വിഭാഗങ്ങളില്‍ എഎഫ്‌സിയുടെ മാനദണ്ഡം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് ലൈസന്‍സ് നിഷേധിക്കാന്‍ കാരണം. നിയമ പ്രകാരം, ലൈസന്‍സ് ലഭിക്കാത്ത ക്ലബ്ബുകള്‍ക്ക് ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ലീഗുകളിലും എഎഫ്‌സി ചാംപ്യന്‍ഷിപ്പുകളിലും പങ്കെടുക്കാന്‍ അനുമതിയില്ലെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍പും ഇളവ് അനുവദിച്ചിട്ടുണ്ട്.

നിലവില്‍ എഫ്സി ഗോവ, എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്സി, ജംഷഡ്പൂര്‍ എഫ്സി, ചെന്നൈയിന്‍ എഫ്സി, മുംബൈ സിറ്റി എഫ്സി എന്നീ ക്ലബുകളാണ്‌ പുതിയ സീസണിലേക്കുള്ള ലൈസന്‍സ് ലഭിച്ചത്. അപ്പീലിന് പോവുകയാണെങ്കില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ക്ലബ് ലൈസന്‍സിങ് അപ്പീല്‍സ് വിഭാഗത്തെയാണ് ഈ ക്ലബുകള്‍ സമീപിക്കേണ്ടത്. ഇത്തവണ 19 ക്ലബുകള്‍ 2020-21 സീസണിലേക്കുള്ള എഐഎഫ്എഫ്, എഫ്സി ക്ലബ് ലൈസന്‍സുകള്‍ക്ക് വേണ്ടി അപേക്ഷിച്ചിരുന്നു. ഇതില്‍ എട്ടു ക്ലബുകള്‍ ഐ-ലീഗില്‍ നിന്നുള്ളതാണ്. ഐ-ലീഗ് ക്ലബുകളുടെ അപേക്ഷയില്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ 20ന് (വെള്ളി) എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് സീസണിലെ ആദ്യ പോരാട്ടം.

Top