പുതിയ പരിശീലകനു കീഴിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്

ന്യൂഡല്‍ഹി: പുതിയ പരിശീലകന് കീഴിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എല്ലിലെ രണ്ടാം ജയം മോഹിച്ച് ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ഡല്‍ഹി ഡൈനാമോസിനോട് തോല്‍വി സമ്മതിക്കേണ്ടി വന്നു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഡല്‍ഹിയുടെ വിജയം.

28-ാം മിനിറ്റില്‍ ജിയാന്നി സുവെര്‍ലൂണും 94-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റെനെ മിഹെലിച്ചുമാണ് ഡല്‍ഹിക്ക് ഗോളുകള്‍ നേടിക്കൊടുത്തത്. ആദ്യ പകുതിയില്‍ ഉടനീളം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച വച്ചത്. തുടക്കം മുതല്‍ തന്നെ ബ്ലാസ്റ്റേഴ്സിന് മേല്‍ വ്യക്തമായ ആധിപത്യത്തോടെ കളിച്ച ഡൈനാമോസ് കളിച്ചത് 28-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. വലതു മൂലയില്‍ നിന്നുള്ള റെനെ മിഹെലിച്ചിന്റെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുവെര്‍ലൂണ്‍ മനോഹരമായ വോളിയിലൂടെ വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ ലാലിയന്‍സുല ചാങ്തെയെ ലാല്‍റുവാത്താര ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി റെനെ മിഹെലിച്ച് ലക്ഷ്യത്തിലെത്തിച്ചു. ഈ ഫൗളിന് ലാല്‍റുവാത്താരയ്ക്ക് ചുവപ്പു കാര്‍ഡും ലഭിച്ചു. 14 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ ആറാം തോല്‍വിയാണിത്. ഇതോടെ വെറും 10 പോയിന്റുമായി ടീം ഒമ്പതാം സ്ഥാനത്തേക്കു വീണു.

Top