ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

സ്റ്റ് ബംഗാളിനെ അവരുടെ തട്ടകമായ സാള്‍ട്ട് ലൈക്ക് സ്റ്റേഡിയത്തില്‍ വെച്ച് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് ലഭിച്ച നിര്‍ണ്ണായക പെനാല്‍റ്റി സേവ് ചെയ്ത് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷാണ് ബ്ലാസ്റ്റേഴ്‌സ് വിജയത്തില്‍ വലിയ പങ്കുവഹിച്ചത്. ഈസ്റ്റ് ബംഗാളിനായി ആശ്വാസ ഗോള്‍ നേടിയത് ക്ലീറ്റണ്‍ സില്‍വയാണ്.

ഗോള്‍മടക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ രണ്ടാം പകുതിയിലെ ശ്രമം 85ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ കലാശിച്ചു. എന്നാല്‍ ക്ലീറ്റണ്‍ സില്‍വയെടുത്ത പെനാല്‍റ്റി ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് തടഞ്ഞു. ഫൗള്‍ വിളിച്ചതോടെ വീണ്ടും ഈസ്റ്റ് ബംഗാളിന് പെനാല്‍റ്റി കിട്ടി. പക്ഷെ ഇക്കുറിയും സച്ചിന്റെ പ്രതിരോധം ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു.ദെയ്സുകേ സകായും ദിമിത്രി ഡയമന്റക്കോസുമാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്. മത്സരത്തിന്റെ 36ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റില്‍ നിന്നാണ് സകായ് വലകുലുക്കിയത്.

മത്സരത്തിന്റെ 88 ാം മിനിറ്റിലായിരുന്നു ഡയമന്റക്കോസിന്റെ ഗോള്‍. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ഇരിക്കേ ഈസ്റ്റ് ബംഗാളിന് അനുകൂലമായി വീണ്ടും പെനാല്‍റ്റി ലഭിച്ചു. ഇക്കുറി സില്‍വ ഗോള്‍വല കുലുക്കുക തന്നെ ചെയ്തു. എന്നാല്‍ ബംഗാളിന് ജയിക്കാന്‍ അത് പര്യാപ്തമല്ലായിരുന്നു.

 

Top