ചെന്നൈ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് കൂറ്റന്‍ തോല്‍വി

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ചെന്നൈ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് കൂറ്റന്‍ തോല്‍വി. മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ചെന്നൈ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ സീസണിലെ ആദ്യ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിഭാരം കുറയ്ക്കാനേ അത് ഉപകരിച്ചുള്ളൂ.

സീസണിലെ തുടര്‍ച്ചയായ നാലാം ജയം കുറിച്ച ചെന്നൈ എഫ്‌സി 14 മത്സരങ്ങളില്‍നിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. ഐറിഷ് കോച്ച് ഓവന്‍ കോയല്‍ ചുമതലയേറ്റശേഷം മിന്നുന്ന ഫോമില്‍ കളിക്കുന്ന ചെന്നൈ പ്ലേ ഓഫ് സ്വപ്നങ്ങളും സജീവമാക്കി. അതേസമയം, തുടര്‍ച്ചയായ മൂന്നാം മത്സരവും തോറ്റ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞു. 15 കളികളില്‍നിന്ന് 14 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

കഴിഞ്ഞ മൂന്നു കളികളില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് 12 ഗോളുകളാണ്. മത്സരത്തിലുടനീളം തകര്‍ത്തുകളിച്ച ബ്ലാസ്റ്റേഴ്‌സിന്റെ വീഴ്ച തുടങ്ങുന്നത് മത്സരത്തിന്റെ 39ാം മിനിറ്റില്‍ ടി.പി. രഹനേഷിന്റെ മണ്ടന്‍ നീക്കത്തില്‍നിന്ന് ചെന്നൈ ലീഡെടുത്തതോടെയാണ്. ഒഴിവാക്കാമായിരുന്ന ഗോളുകളും അടിക്കാതെ പോയ ഗോളുകളും ചേര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു.

Top