ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്‌കരിച്ചതിന് ഖേദം പ്രകടിപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. കളി പൂർത്തിയാക്കാതെ മൈതാനം വിട്ട സംഭവം ദൗർഭാഗ്യകരമായിപ്പോയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് അറിയിക്കുകയായിരുന്നു. നോക്കൗട്ട് മത്സരത്തിലുണ്ടായ സംഭവം ഇനി ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക ഹാൻഡിലുകളിൽ നിന്നും വ്യക്തമാക്കി.
മാർച്ച് മൂന്നിന് ഉണ്ടായ സംഭവത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് കുറിച്ചു. കളി പൂർത്തിയാക്കാതെ മൈതാനം വിടാനുള്ള തീരുമാനം ആ നിമിഷത്തിലെ ആവേശത്തിൽ സംഭവിച്ച് പോയതാണെന്നും ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. ഫുട്‌ബോൾ പാരമ്പര്യവും സാഹോദര്യവും തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും ബ്ലാസ്‌റ്റേഴ്‌സ് കൂട്ടിച്ചേർത്തു.
ബെംഗളൂരു എഫ്സിക്ക് എതിരായുള്ള മത്സരം ബഹിഷ്‌കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കും പരിശീലകൻ ഇവാൻ വുകുമനോവിച്ചിനും എതിരെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ഈ മാസം അവസാനിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് എതിരായ മത്സരത്തിൽ സുനിൽ ഛേത്രിയെടുത്ത ഫ്രീ കിക്ക് അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകുമനോവിച്ച് ടീമിനോട് കളം വിടാൻ നിർദേശം നൽകിയത്. വിഷയത്തിൽ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തി. പരിശീലകന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ, സംഭവത്തിൽ ക്ലബും പരിശീലകനും ക്ഷമാപണം നടത്തുവാനും എഐഎഫ്എഫ് വിധിച്ചിട്ടുണ്ട്.