കേരള ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ന് കൊച്ചിയില്‍ ഏറ്റുമുട്ടും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തുകയാണ് കൊമ്പന്മാരുടെ ലക്ഷ്യം. മുംബൈ സിറ്റി എഫ്‌സിയോടും എഫ്‌സി ഗോവയോടുമേറ്റ പരാജയത്തിന്റെ ഭാരം ബ്ലാസ്റ്റേഴ്‌സിന് മഞ്ഞപ്പടയ്ക്ക് മുന്നില്‍ കഴുകി കളയണം.

ലീഗിന്റെ തുടക്കത്തിലേറ്റ തുടര്‍ തോല്‍വികള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് വിരാമമിട്ടത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ്. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ വീണ്ടും നേരിടാനൊരുങ്ങുമ്പോള്‍ ലക്ഷ്യം മുമ്പത്തേക്കാള്‍ മികച്ച ജയം. സീസണില്‍ ഇതുവരെ ഏഴ് ഗോളുകള്‍ നേടിക്കഴിഞ്ഞ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍. നോര്‍ത്ത് ഈസ്റ്റിനെതിരെ കഴിഞ്ഞ തവണ രണ്ട് ഗോളുകള്‍ നേടിയ സഹലിന്റെ തിരിച്ച് വരവും മഞ്ഞപ്പട ഉറ്റുനോക്കുന്നു.

മറുവശത്ത് ലീഗില്‍ ഇതുവരെ ഒരു ജയം മാത്രം നേടാനായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 14 മത്സരങ്ങളില്‍ നിന്ന് 25 പോയന്റുമായി പട്ടികയില്‍ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സ്. ജയത്തോടെ എടികെയെയും ഗോവയെയും മറികടന്ന് മൂന്നാമത്തെത്തുക, മഞ്ഞപ്പടയ്ക്ക് ഇന്നൊരു ലക്ഷ്യം മാത്രം.

Top