കണക്കു കൂട്ടലുകൾ എല്ലാം തെറ്റിക്കുന്ന മുന്നേറ്റം മൂന്ന് ലോകസഭ മണ്ഡലങ്ങളിൽ !

കേരളത്തില്‍ നിന്നും ബിജെപിയ്ക്ക് രണ്ട് ലോകസഭ സീറ്റുകള്‍ ലഭിക്കുമെന്നും മറ്റൊന്നില്‍ സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ട്.

ബി.ജെ.പി കേന്ദ്ര നേത്യത്വത്തിന് സ്വകാര്യ സര്‍വ്വേ ടീം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ഏതൊക്കെ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന നിര്‍ദ്ദേശം നല്‍കുന്നതിന്റെ മുന്നോടി ആയിരുന്നു ഈ പഠനം.

ഇതുപ്രകാരം തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും വിജയിക്കുമെന്നാണ് കണ്ടെത്തല്‍. ശക്തമായ അടിയൊഴുക്കുകള്‍ ഈ മണ്ഡലത്തില്‍ ദൃശ്യമാണെന്നും ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പ്രവചനാതീതമായതും കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ വിജയസാധ്യത ഉള്ളതുമായി സര്‍വ്വേ ടീം കാണുന്ന മണ്ഡലം തൃശൂരാണ്. ഇവിടെ സുരേഷ് ഗോപിയുടെ നാടിളക്കിയുള്ള പ്രചരണവും കളക്ടറുടെ നടപടിയും ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍.

suresh gopi anupama

ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടാന്‍ വീണ്ടും ഇത്തരമൊരു വിവാദം കാരണമായതായും അത് തൃശൂരില്‍ മാത്രമല്ല പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്ര സഹായങ്ങള്‍ മൂന്ന് മണ്ഡലങ്ങളിലേക്കും ലഭിക്കുമെന്നാണ് സൂചന. ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് കൂടുതല്‍ കാര്യക്ഷമമായി ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ കുടുംബ യോഗങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള വോട്ട് പിടുത്തത്തിലേക്കും ബി.ജെ.പി കടന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് വോട്ട് ബാങ്ക് പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളും ഈ മണ്ഡലങ്ങളില്‍ സജീവമാണ്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും നിലവിലെ സിറ്റിംഗ് എം.പിമാര്‍ക്കെതിരെ കോണ്‍ഗ്രസ്സിനുളളില്‍ തന്നെ കടുത്ത അതൃപ്തി നില നില്‍ക്കുന്നുണ്ട്. പത്തനംതിട്ടയില്‍ ഡി.സി.സിയുടെ എതിര്‍പ്പ് മറികടന്നാണ് ആന്റോ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്.

kummanam surendran

തിരുവനന്തപുരത്താകട്ടെ, ശശി തരൂരിനെതിരായ പ്രതിഷേധം ദിവസം കഴിയും തോറും കോണ്‍ഗ്രസ്സില്‍ വര്‍ദ്ധിക്കുകയാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കുന്നതിനെതിരെ ശശി തരൂരിന് നേരിട്ട് ഹൈക്കമാന്റിന് പരാതി നല്‍കേണ്ട സാഹചര്യവുമുണ്ടായി.

തിരുവനന്തപുരം സെന്‍ട്രല്‍ നിയമസഭ മണ്ഡലത്തിലെ പല മണ്ഡലം കമ്മറ്റികളും നിഷ്‌ക്രിയമാണ്. ഇതിനു പുറമെ കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും തരൂരിനെതിരായ നിലപാടിലാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം.

നേമം നിയമസഭ സീറ്റ് കൈവശമുള്ള ബി.ജെ.പി കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 30ല്‍ ഏറെ വാര്‍ഡുകളില്‍ വിജയിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ശക്തമായ സംഘടനാ സംവിധാനം ഉള്ളതും കുമ്മനം രാജശേഖരന്റെ പ്രതിച്ഛായയുമാണ് കാവി പടയുടെ തലസ്ഥാനത്തെ കരുത്ത്. ഇത്തവണ ഇടതുപക്ഷം പരമാവധി വോട്ട് പിടിക്കും എന്നത് തരൂരിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുന്നതാണ്.

ബി.ജെ.പിയും ഇടതുപക്ഷവും എന്ന നിലയിലേക്ക് മത്സരം എത്തിക്കാന്‍ ഇതിനകം തന്നെ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സാഹചര്യം ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഇടതു പ്രചരണം.

പത്തനംതിട്ടയില്‍ ഇടതു-വലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നായത് ബി.ജെ.പിക്ക് നേട്ടമാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ശബരിമല വിഷയം ശക്തമായ പ്രചരണമാകുന്ന മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഇതിനകം തന്നെ ഒരു ഹീറോ പരിവേഷം ലഭിച്ചിട്ടുണ്ട്.

ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി ഭയക്കുന്നത് പാളയത്തിലെ പാരവയ്പിനെ തന്നെയാണ്. ഇടതു സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജും ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നില്‍ തന്നെയുണ്ട്. കണക്കുകള്‍ക്കും മീതെ ഒരു അട്ടിമറിയാണ് ഇവിടെ ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

veena george anto antony

തൃശൂരില്‍ സൂപ്പര്‍ ഡയലോഗുയര്‍ത്തി ഇതിനകം തന്നെ വിവാദമുയര്‍ത്തിയ സുരേഷ് ഗോപി വലിയ ആള്‍ക്കൂട്ടത്തെയാണ് ആകര്‍ഷിക്കുന്നത്. ഇവിടെയും ഭൂരിപക്ഷ വികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ത്ഥിയാണ് കോണ്‍ഗ്രസ്സിലെ ടി.എന്‍ പ്രതാപന്‍. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് അത്ര താല്‍പ്പര്യമില്ലാത്ത നേതാവാണ് എന്നത് അദ്ദേഹത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് ഗ്രൂപ്പുപോര് വളരെ ശക്തമായ ജില്ലയാണ് തൃശൂര്‍ എന്നതും ആശങ്ക കൊടുക്കുന്നതാണ്.

ഇവിടെ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ രാജാജി മാത്യുവാണ്. സി.പി.എമ്മും സി.പി.ഐയും ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തി വരുന്നത്. ഈ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനായില്ലെങ്കില്‍ സി.പി.ഐക്ക് കേരളത്തില്‍ നിന്നും ഒരു എം.പി പോലും ഇല്ലാത്ത സാഹചര്യമാണ് ഉണ്ടാകുക.

political reporter

Top