കേരള ബി.ജെ.പിയിൽ ‘കലാപക്കൊടി’, പ്രതിസന്ധി പിളർപ്പിലേക്ക് നീങ്ങുന്നു . . .

സംസ്ഥാനത്ത് ഒരു എം.എല്‍.എ പോലും ഇല്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ആ ബി.ജെ.പിയില്‍ ആണിപ്പോള്‍ അധികാരത്തിന്റെ ആര്‍ത്തിയും വ്യാപിച്ചിരിക്കുന്നത്. ഒരു എം.എല്‍.എ പോലും ഇല്ലാത്തപ്പോള്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍, ഇവര്‍ക്ക് കേരള ഭരണം കിട്ടിയാലുള്ള അവസ്ഥ എന്താണെന്നത് ചിന്തിക്കാന്‍ പോലും രാഷ്ട്രീയ കേരളത്തിന് സാധിക്കുകയില്ല. നിരവധി വര്‍ഷങ്ങളായി ബി.ജെ.പി നേതൃത്വത്തില്‍ തുടരുന്ന അഭിപ്രായ ഭിന്നതയാണ് ഇപ്പോള്‍ പൊട്ടിത്തെറിയില്‍ കലാശിച്ചിരിക്കുന്നത്. പുന:സംഘടനയെ ചൊല്ലിയുള്ള പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ്.

ചാനല്‍ ചര്‍ച്ചക്കുള്ള പാര്‍ട്ടിയുടെ വാട്‌സാപ്പ്ഗ്രൂപ്പില്‍ നിന്നും ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ഭാരവാഹികളായ എംടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പുറത്തുപോയിരിക്കുന്നത്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അഡ്മിനായ ഗ്രൂപ്പാണിത്. കൃഷ്ണദാസ് പക്ഷത്തെ പിആര്‍ ശിവശങ്കരനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിലക്കിയതും പെട്ടന്നുള്ള പ്രകോപനത്തിന് കാരണമാണ്. ഇക്കാര്യത്തില്‍ അടക്കമുള്ള പ്രതിഷേധമാണ് കൃഷ്ണദാസ് പക്ഷേ നേതാക്കളുടെ വിട്ടുപോകലിന് കാരണം. ദേശീയ സമിതിയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ശോഭാസുരേന്ദ്രനും പരസ്യമായാണ് പ്രതിഷേധിച്ചിരിക്കുന്നത്. മുന്‍ എം.എല്‍.എ ഒ.രാജഗോപാല്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ എന്നിവരും നിലവിലെ നേതൃത്വത്തിന്റെ പോക്കില്‍ കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കി സുരേന്ദ്രന്‍ പിടിമുറുക്കുന്നതാണ് ഈ നേതാക്കളെയെല്ലാം ചൊടിപ്പിച്ചിരിക്കുന്നത്. സുരേന്ദ്രന്റെ എല്ലാ നീക്കങ്ങളും കേന്ദ്രമന്ത്രി വി. മുരളീധരന്റെ പിന്തുണയോടെയാണ്.

അതായത് കെ.സി വേണുഗോപാല്‍ എങ്ങനെയാണോ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇടപെട്ടിരിക്കുന്നത് അതിനു സമാനമായ തന്ത്രങ്ങളാണ് വി.മുരളീധരനും ഇപ്പോള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. എ.ബി.വി.പി കാലം മുതല്‍ ഡല്‍ഹിയിലുള്ള ബന്ധമാണ് മുരളീധരന്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്ള ഏക സീറ്റ് നഷ്ടപ്പെടുത്തിയിട്ടും കെ.സുരേന്ദ്രന്‍ തെറിക്കാതിരിക്കുന്നത് മുരളീധരന്റെ ഈ ശക്തിയിലാണ്. സുരേന്ദ്രനെ അദ്ധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയാല്‍ കേരളത്തിലെ പാര്‍ട്ടിയിലെ തന്റെ ആധിപത്യം അതോടെ അവസാനിക്കുമെന്ന് ഏറ്റവും നന്നായി അറിയാവുന്നതും വി. മുരളീധരനു തന്നെയാണ്. അതു കൊണ്ടാണ് ബി.ജെ.പി ദേശീയ നേതൃത്വത്തെ സ്വാധീനിച്ച് സുരേന്ദ്രന്റെ കസേരയും അദ്ദേഹം ഉറപ്പിച്ചിരിക്കുന്നത്.

ഇതോടെ ഇനിയും സുരേന്ദ്രന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗമുളളത്. കെ.സി വേണുഗോപാല്‍, കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഒതുക്കിയതു പോലെ വി. മുരളീധരന്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെയാണ് ഒതുക്കിയിരിക്കുന്നത്. ഇതില്‍ ശക്തമായ പ്രതിഷേധമുള്ള സംഘപരിവാര്‍ നേതാക്കള്‍ ഇതിനകം തന്നെ ദേശീയ നേതൃത്വത്തെയും വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ മോദിയുമായും അമിത് ഷായുമായും അടുത്ത ബന്ധമുള്ള മുരളീധര വിഭാഗത്തെ തിരുത്തുക എന്നത് പോലും എളുപ്പമുള്ള കാര്യമല്ല. ഇത്തരമൊരു സാഹചര്യത്തില്‍ വിഷയം പരിഹരിക്കാന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ ഇടപെടുവിക്കാനും അണിയറയില്‍ ശ്രമം തകൃതിയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശാഖകളും ബലിദാനികളും ആര്‍.എസ്.എസിനു ഉള്ളത് ഈ കൊച്ചു കേരളത്തിലാണ്. അതു കൊണ്ട് തന്നെ നാഗ് പൂരിലെ ‘സംഘം’ നേതൃത്വത്തിനും ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനവും കേരളമാണ്. ആര്‍.എസ്.എസ് ദേശീയ നേതൃത്വം ഇടപെട്ടാല്‍ അമിത് ഷാക്ക് മാത്രമല്ല സാക്ഷാല്‍ മോദിക്കു പോലും മുരളീധര വിഭാഗത്തെ സംരക്ഷിക്കാന്‍ സാധിക്കുകയില്ല. ഇക്കാര്യം മനസ്സിലാക്കി തന്നെയാണ് എതിര്‍ വിഭാഗം നീക്കങ്ങള്‍ നടത്തുന്നത്. സംസ്ഥാന ആര്‍.എസ്.എസിലെ പ്രബല വിഭാഗത്തിനും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിലവിലെ പോക്കില്‍ കടുത്ത അതൃപ്തിയാണുള്ളത്. കൊടകര കുഴല്‍പ്പണക്കേസ് വിവാദത്തിലും ആര്‍.എസ്.എസിന് രോക്ഷമുണ്ട്. ബി.ജെ.പിയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന ആര്‍.എസ്.എസ് കണക്കു കൂട്ടല്‍ കൂടിയാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ബി.ജെ.പിയിലെ നേതൃമാറ്റത്തില്‍ ഉറച്ചു നിന്നാല്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വവും ആ നിലപാടിനൊപ്പമാണ് നില്‍ക്കുക. അത് സംഭവിച്ചാല്‍ സുരേന്ദ്രന്റെ കസേരയാണ് ആദ്യം തെറിക്കുക.

അതേസമയം മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഉടക്കി നില്‍ക്കുന്നതിനാല്‍ ബി.ജെ.പിയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളും നിലവില്‍ താളം തെറ്റി തുടങ്ങിയിട്ടുണ്ട്. വയനാട് ഉള്‍പ്പെടെ ചിലയിടങ്ങളില്‍ ആഭ്യന്തര കലഹം ശക്തമാണ്. അഴിമതി ആരോപണം നേരിടുന്നയാളെ പ്രസിഡന്റാക്കിയതാണ് വയനാട്ടിലെ പൊട്ടിത്തെറിക്ക് പ്രധാന കാരണം. പരസ്യ പ്രതിഷേധത്തിനും കൂട്ടരാജിക്കും പിന്നാലെയാണ് വയനാട് ജില്ലാ ബിജെപിയിലെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. കെ.സുരേന്ദ്രന്‍ പക്ഷക്കാരനായ പുതിയ ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന ശക്തമായ നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. എന്നാല്‍ തനിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമിട്ടാണെന്നാണ് കെ.പി മധുവിന്റെ വാദം. സുരേന്ദ്രന്‍ വിഭാഗം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് കൃഷ്ണദാസ് വിഭാഗത്തെയാണ്.

നേതൃത്വത്തിലെ ഈ ഭിന്നത താഴേതട്ടിലേക്ക് കൂടി വ്യാപിച്ചതോടെ ബി.ജെ.പിയുടെ കേഡര്‍ സംവിധാനം തന്നെയാണ് നിലവില്‍ പല ജില്ലകളിലും തകര്‍ന്നിരിക്കുന്നത്. ഒരു കേഡര്‍ പാര്‍ട്ടിക്ക് ആദ്യം വേണ്ടത് അച്ചടക്കമാണ്. അത് ഇവിടെ ആദ്യം തന്നെ ലംഘിച്ചിരിക്കുന്നത് സംസ്ഥാന നേതാക്കളാണ്. ‘അധികാരം’ തന്നെയാണ് പാര്‍ട്ടിയിലും വില്ലനായിരിക്കുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് അധികാരം ലഭിച്ചതാണ് ഇതിനു പ്രധാനകാരണം. സംസ്ഥാന ഭരണമില്ലങ്കിലും കേന്ദ്ര ഭരണം മുന്‍ നിര്‍ത്തി പല ഇടപെടലുകളും കേരളത്തിലും ബി.ജെ.പി നടത്തുന്നുണ്ട്. പാര്‍ട്ടിയില്‍ ഉന്നതപദവി ഇല്ലാതെ ഡല്‍ഹിക്ക് പോയിട്ട് ഒരു കാര്യവും ഇല്ലെന്ന് ശോഭ സുരേന്ദ്രനും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതു കൊണ്ട് തന്നെയാണ് ദേശീയ സമിതിയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ അവര്‍ പൊട്ടിത്തെറിച്ചിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ തല കാണിക്കാന്‍ ആഗ്രഹമുള്ള നേതാക്കളും ഇത്തവണ വെട്ടി നിരത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.

വി.മുരളീധരന്‍ കേന്ദ്രമന്ത്രി ആയിരുന്നില്ലെങ്കില്‍ ഇതൊന്നും തന്നെ സംഭവിക്കില്ലായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ബി.ജെ.പിയിലെ പ്രബല വിഭാഗം. സുരേന്ദ്രനു കീഴില്‍ ഇനിയും തുടരണമോ എന്ന ചോദ്യം ഈ വിഭാഗത്തില്‍ വളരെ ശക്തവുമാണ്. ആര്‍.എസ്.എസിനും ഇനി വിഷയം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അനിവാര്യമായ ഒരു പിളര്‍പ്പിലേക്ക് തന്നെയാണ് ബി.ജെ.പിയും നീങ്ങാന്‍ പോകുന്നത്. ഇപ്പോള്‍ പുറത്തു വരുന്നതും അത്തരമൊരു സൂചന തന്നെയാണ് …

EXPRESS KERALA VIEW

Top