അക്രമ സംഭവങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 266 പേര്‍; കരുതല്‍ തടങ്കലില്‍ 334, രാത്രിയോടെ കൂടുതല്‍ അറസ്റ്റ്

തിരുവനന്തപുരം; സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 266 പേര്‍. അറസ്റ്റിലാകുന്നവര്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും പ്രത്യേക സംഘത്തിന് രൂപം നല്‍കും.ഇന്ന് ഉച്ച വരെയുള്ള കണക്കനുസരിച്ച് 334 പേരെയാണ് കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നത്. രാത്രിയോടെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

ശബരിമല വിഷയവുമായ് ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തരനടപടി സ്വീകരിക്കുന്നതിനുമായി കേരളാ പൊലീസ് ‘ബ്രോക്കണ്‍ വിന്റോ’ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു.

അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തുമെന്നും, ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കും. കുറ്റക്കാരെ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയ്യാറാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കി അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യാനാണ് പൊലീസിന്റെ പദ്ധതി

Top