ഗാന്ധിവധം ആഘോഷമാക്കിയത് സാമൂഹ്യ വിരുദ്ധര്‍: ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഗാന്ധിജിയുടെ ചിത്രത്തിനു നേര്‍ക്ക് തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം വിവാദമായതോടെ സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള രംഗത്ത്. ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അതിഹീനമായ രീതിയില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച് ആഘോഷമാക്കിയ നടപടിയെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മഹാത്മജിയുടെ വധം ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത മഹാപാതകം ആയിരുന്നു. ഗാന്ധിവധം ഒരുവിഭാഗം സാമൂഹ്യവിരുദ്ധര്‍ അലിഗഡില്‍ ആഘോഷമാക്കിയത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ഗാന്ധിജിയുടെ സംഭാവനകളെ രാജ്യം മുഴുവന്‍ എക്കാലവും പ്രകീര്‍ത്തിക്കും.

രാഷ്ട്രം കണ്ണീരോടെ ഓര്‍ക്കുന്ന ഒന്നാണ് ഗാന്ധിവധം. ഗാന്ധിജിയുടെ ദര്‍ശനങ്ങളും ചിന്തകളും എക്കാലവും ഭാരതീയര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശകവും ആയിരിക്കും. ഗാന്ധിവധം പുനരാവിഷ്‌കരിച്ച് ആഘോഷമാക്കി മാറ്റാനുള്ള കപടഹിന്ദുത്വവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശക്തികളെ ദുര്‍ബലപ്പെടുത്താനും കരി തേച്ച് കാണിക്കാനും മാത്രമേ സഹായിക്കുകയുള്ളുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഹിന്ദുമഹാസഭ ചെയ്ത പ്രവര്‍ത്തി ഞെട്ടലോടെയാണ് രാജ്യം നോക്കിക്കണ്ടത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ ചിത്രത്തിന് നേര്‍ക്ക് നിറയൊഴിച്ചത്. ഈ സംഭവത്തില്‍ നിരവധി പ്രമുഖര്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

Top