രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം; മുന്നേറ്റത്തിനൊരുങ്ങി കേരളത്തിന്റെ കുതിപ്പ്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറാന്‍ കേരളം ഒരുങ്ങുന്നു.

രാഷ്ട്രപതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന ടെക്‌നോസിറ്റി ഇതിനായുള്ള പ്രധാന ചുവട് വയ്പാണെനാണ് ഐ.ടി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

നാലാം ഘട്ട വികസനത്തിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കില്‍ ഉയരുന്ന 100 ഏക്കറില്‍ ഉയരുന്ന നോളജ് സിറ്റി സംസ്ഥാനത്തിന്റെ സാമൂഹിക – സാമ്പത്തിക മേഖലകളില്‍ വന്‍ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മറ്റ് ഐടി പാര്‍ക്കുകള്‍ പോലെ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി വിപണന സാധ്യതയുണ്ടാക്കുക മാത്രമല്ല ടെക്‌നോസിറ്റിയുടെ ലക്ഷ്യം. പുതുതലമുറ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ക്ക് സ്ഥലം അനുവദിക്കുന്നതോടൊപ്പം ഗവേഷണത്തിനും വികസനത്തിനുമുള്ള സംവിധാനങ്ങളും സജ്ജമാക്കും. വന്‍കിട കമ്പനികളുമായി ബന്ധപ്പെടാനുള്ള അവസരവും അക്കാദമിക് പങ്കാളിത്തവും സ്റ്റാര്‍ട്ട്അപ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് പുതിയ ദിശ നല്‍കും.

ഐടി നയത്തിന്റെ’ഭാഗമായി പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയെ മൂന്ന് പ്രത്യേക നവയുഗ സാങ്കേതികവിദ്യാ കേന്ദ്രങ്ങളാക്കും. തിരുവനന്തപുരം സൈബര്‍ സുരക്ഷയുടെയും ബ്‌ളോക്ക് ചെയിന്‍ പോലെയുള്ള ഫിന്‍ടെക് സാങ്കേതികവിദ്യകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കേന്ദ്രമാകുമ്പോള്‍ കൊച്ചിയില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) പോലെയുള്ള സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കും. മൊബൈല്‍ ഫോണ്‍ സാങ്കേതിക മേഖലകളിലൂന്നിയ വികസനമാണ് കോഴിക്കോട്ട് ലക്ഷ്യമിടുന്നത്.

രണ്ടുലക്ഷം ചതുരശ്രയടിയിലാണ് ആദ്യ കെട്ടിടത്തില്‍ ഐടി വികസനം ഒരുങ്ങുന്നത്. സ്ഥലം നല്‍കി പങ്കാളിത്ത വികസനം സാധ്യമാക്കുകയാണ് ടെക്‌നോസിറ്റിയില്‍ ചെയ്യുക. ടാറ്റാ കണ്‍സള്‍ട്ടന്‍സി 97 ഏക്കര്‍ ഏറ്റെടുത്തു. സണ്‍ടെക്, ഐഐഐടിഎംകെ, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കേസ്) തുടങ്ങിയ സ്ഥാപനങ്ങളും സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. ജലം, വൈദ്യുതി വിതരണ സംവിധാനങ്ങളും പൂര്‍ത്തിയായി.

Top