വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷക്കെതിരെ കേരളത്തിന് 78 റണ്‍സ് ജയം

വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷക്കെതിരെ കേരളത്തിന് 78 റണ്‍സ് ജയം. ടോസില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (120) സെഞ്ച്വറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 43.3 ഓവറില്‍ 208ന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലിന്റെ ബൗളിങ് ആണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒഡീഷയ്ക്ക് വേണ്ടി 92 റണ്‍സെടുത്ത ഷാന്തനു മിശ്ര മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ബിപ്ലബ് സാമന്തറായ് (34), അഭിഷേഖ് യാദവ് (21), പ്രയാഷ് കുമാര്‍ സിംഗ് (20), സുബ്രാന്‍ഷു സേനാപതി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

നേരത്തെ വിഷ്ണുവിന് പുറമെ അഖില്‍ സ്‌കറിയ (34), അബ്ദുള്‍ ബാസിത് (48) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്‌സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (12), രോഹന്‍ കുന്നുമ്മല്‍ (17) എന്നിവര്‍ വേഗം മടങ്ങിയപ്പോള്‍ നന്നായി തുടങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും (15) ക്രീസില്‍ തുടരാനായില്ല. സച്ചിന്‍ ബേബി (2), ശ്രേയാസ് ഗോപാല്‍ (13) എന്നിവര്‍ കൂടി വേഗം പുറത്തായതോടെ കേരളം അപകടം മണത്തു. തുടരെ വിക്കറ്റ് വീഴുമ്പോഴും ആക്രമിച്ചുകളിച്ച വിഷ്ണു വിനോദ് ആണ് കേരളത്തെ കനത്ത തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയില്‍ തകര്‍ത്ത കേരളം രണ്ടാമത്തെ മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്താനും കേരളത്തിനു കഴിഞ്ഞു.

Top