കേരള ബാങ്ക് ചിങ്ങം ഒന്നിന് യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് അടുത്ത വര്‍ഷം ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16ന്) യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

പദ്ധതി അവലോകനത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബാങ്ക് തുടങ്ങുന്നതിന് ആര്‍.ബി.ഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപവായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി എന്നിവ ആര്‍.ബി.ഐക്ക് സമര്‍പ്പിച്ചു.

സഹകരണ വകുപ്പിന്റെ ആധുനികവല്‍ക്കരണം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനികവല്‍ക്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്. ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക.

സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടിയുള്ള മാറ്റമാണ് കേരളാ ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.

Top