തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ബാങ്കായ കേരള ബാങ്ക് നിരവധി ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്നതായി കേരള ബജറ്റ് 2020ല്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി മാര്‍ച്ച് മാസത്തോടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. കൂടാതെ എന്‍ആര്‍ഐ നിക്ഷേപകരുടെ ഇടപാടുകള്‍ സംബന്ധിച്ച കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കേരള ബാങ്കില്‍ ലയിക്കാതിരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം നടത്തി. സങ്കുചിത രാഷ്ട്രീയ താത്പര്യം മൂലമാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിക്കാത്തത് എന്നാണ് അദ്ദേഹത്തിന്റെ വാദം. ജില്ല ബാങ്ക് പ്രസിഡന്റ് സ്ഥാനമാണ് വലിയ കാര്യമായി ഇവര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രമായി സംസ്ഥാന താത്പര്യം ബലികഴിക്കരുതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ഏറ്റവും വലിയ ആശങ്കയ്ക്ക് വിരാമിട്ട ബജറ്റായിരുന്നു ഇത്തവണ തോമസ് ഐസക് അവതരിപ്പിച്ചത്. കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന ആശ്വാസ പ്രഖ്യാപനമായിരുന്നു അത്. ഉപഭോക്താക്കള്‍ക്കുമേല്‍ അനാവശ്യ പിഴപ്പലിശ ഈടാക്കില്ല. ജനങ്ങളെ ചൂഷണം ചെയ്യാത്ത, ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.