സര്‍ക്കാരിന് തിരിച്ചടി; കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. 1,850 പേരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് കോടതി തടഞ്ഞിരിക്കുന്നത്. പി എസ് സി ഉദ്യോഗാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.

കേരള ബാങ്കില്‍ ചീഫ് എക്‌സിക്യൂട്ടീവ് മുതല്‍ പ്യൂണ്‍വരെയുള്ള നിയമനത്തിന് പിഎസ്സിക്കാണ് അധികാരമെന്നു ഹര്‍ജിയില്‍ പറയുന്നു. പിഎസ്സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കില്‍ വിവിധ തസ്തികകളില്‍ അപേക്ഷ നല്‍കാന്‍ തനിക്കു യോഗ്യതയുണ്ടെന്നും കണ്ണൂര്‍ സ്വദേശിയും എംകോം ബിരുദധാരിയുമായ എ ലിജിത്തിന്റെ ഹര്‍ജിയിലുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയോട് കൂറുള്ളവരെയാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഇവരെ ക്രമപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി (കെസിഎസ്) നിയമത്തിന്റെ ലംഘനമാണ്.

വ്യവസ്ഥകള്‍ പാലിക്കാതെ നടത്തിയ നിയമനങ്ങള്‍ നിയമവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിനു ക്രമപ്പെടുത്താനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടുണ്ട്. 2019 നവംബര്‍ 29നുള്ള ലയനത്തിനുശേഷം കണക്കുക്കൂട്ടിയാണ് എല്ലാ ശാഖകളിലും കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ട്ടി അനുഭാവികളെ നിയമിച്ചത്. 13 ജില്ലാ ബാങ്കുകളിലെയും ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ലയനത്തിനുശേഷം ഇതുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

 

Top