കേരള ബാങ്ക്; പ്രത്യേക സെല്‍ രൂപീകരിച്ച് കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനോടനുബന്ധിച്ച് സര്‍ക്കാര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. സെല്ലിന്റെ മുഖ്യ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്നത് ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയവയില്‍ നയ രൂപീകരണം, തീരുമാനമെടുക്കല്‍ എന്നിവയാണ്.

രണ്ട് മേല്‍നോട്ടക്കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ബാങ്കുകളുടെ ജനറല്‍ മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് മേല്‍നോട്ടക്കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന- ജില്ല ബാങ്കുകളുടെ ലയനം സുഗമമാക്കാന്‍ ഒരു കമ്മറ്റിയും കേരള ബാങ്കിന്റെ ഏകീകരണ രൂപരേഖയും ചുമതല നിര്‍ണയവും നിശ്ചയിക്കുന്നതിനായി മറ്റൊരു കമ്മറ്റിയും.

കമ്മറ്റികളുടെ അധ്യക്ഷന്‍മാര്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍മാരാണ്. ലയനകാര്യങ്ങളുടെ ചുമതലയിലുളള കമ്മിറ്റിയിലെ അംഗങ്ങള്‍ ഇടുക്കി, വയനാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ബാങ്ക് ജനറല്‍ മനേജര്‍മാരാണ്.

രണ്ടാമത്തെ കമ്മറ്റിയിലെ അംഗങ്ങള്‍ കാസര്‍ഗോഡ്, കോട്ടയം, കൊല്ലം, എറണാകുളം ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാരാണ്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ജില്ലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് മൂലധന പര്യാപ്തത എന്നിവ പരിശോധിച്ച് തിട്ടപ്പെടുത്താന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയും നിയമിക്കും.

Top