കേരളം തനിക്ക് ബനാറസ് പോലെ; പ്രസ്താവനയുമായി പ്രധാനമന്ത്രി

തൃശൂര്‍: കേരളം തനിക്ക് ബനാറസ് പോലെയെന്ന് മോദി. ഗുരുവായൂരില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി കേരളത്തെ പുകഴ്ത്തിയത്. ബിജെപിയുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയം മാത്രമല്ലെന്നും, ജനസേവനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ബിജെപി അക്കൗണ്ട് തുറക്കാത്ത കേരളത്തില്‍ നന്ദിയറിക്കാന്‍ മോദിയെത്തിയത് എന്തിനാണെന്ന് ചിലര്‍ ചോദിച്ചേക്കാം. എന്നാല്‍ വോട്ടു ചെയ്യാത്തവര്‍ക്കും പരിഗണന നല്‍കുന്ന സര്‍ക്കാരാണ് തന്റേതെന്നാണ് ഇതിനുള്ള മറുപടിയെന്നും മോദി വ്യക്തമാക്കി. അടിയുറച്ച വിശ്വാസത്തിലും ആധ്യാത്മിക പാരമ്പര്യത്തിലും ഉറച്ച് നില്‍ക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. ആധ്യാത്മികതയിലും പൈതൃകത്തിലും ഊന്നിയുള്ള വികസനമാണ് കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്നും മോദി പറഞ്ഞു.

ഗുരുവായൂരില്‍ എത്താനായത് മഹാഭാഗ്യമായി കരുതുന്നു. പുണ്യഭൂമിയില്‍ എത്തിയതോടെ പുതിയ ഊര്‍ജവും ഉത്സാഹവും ലഭിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ നിപ്പ ഭീതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും മോദി പറഞ്ഞു.

Top