പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു; നിയസഭ സമ്മേളിച്ചത് 9 മിനിറ്റ് മാത്രം

തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ചുള്ള ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. രാവിലെ ഒൻപത് മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വാദി പ്രതിയായ സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. സഭാനടപടികളുമായി സഹകരിക്കാത്ത പ്രതിപക്ഷത്തിന്റെ നിലപാട് നിരാശജനകമെന്ന് എഎൻ ഷംസീർ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തതിന് പിന്നാലെ, സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിറങ്ങി. മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ എഴുന്നേറ്റ് ബഹളം വച്ചു. പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവൻകുട്ടിക്ക് അറിയാമല്ലോയെന്ന് സതീശൻ ചോദിച്ചു.പ്രതിപക്ഷ നിലപാട് നിരാശാജനകമെന്ന് സ്പീക്കർ പറഞ്ഞു. തുടർന്ന് ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്തു.

പ്രതിഷേധ ദൃശ്യങ്ങൾ സഭാ ടിവി ഇന്നും സംപ്രേഷണം ചെയ്തില്ല.ബുധനാഴ്ച സ്പീക്കറുടെ ചേംബറിനു മുൻപിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷത്തെ റോജി എം ജോൺ, പികെ ബഷീർ, അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെകെ രമ, ഉമ തോമസ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 5 എംഎൽഎമാർക്കുമെതിരെയാണു ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി അസഭ്യം പറയുകയും ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്‌തെന്ന വാച്ച് ആൻഡ് വാർഡ് ഷീന കുമാരിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്.

Top