കേരളാ പൊലീസിന്റെ കൂറ് നാഗ്പൂരിനോടല്ലെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം: ഷാഫി

തിരുവനന്തപുരം: കേരള പോലീസിന്റെ കൂറ് നാഗ്പൂരിനോടല്ല എന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ചര്‍ച്ച ചെയ്ത സമ്മേളനത്തിലാണ് അദ്ദേഹം ഈ വിഷയത്തിലെ വിമര്‍ശനം ഉന്നയിച്ചത്.

യുഎപിഎയും എന്‍ഐഎയും അനാവശ്യമായി കേരളത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പാഴ്സിക്കും സിഖുകാരനും ഓരോ വിശുദ്ധ ഗ്രന്ഥങ്ങളുണ്ടെങ്കിലും അവരെല്ലാം ഉള്‍പ്പെട്ട ഭാരതീയന്റെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണ്. ആ ഭരണഘടനയെ തകര്‍ക്കാനും അതിന്റെ മൂല്യങ്ങള്‍ വേരോടെ പിഴുതെറിയാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം. അതിന് മുന്‍പന്തിയില്‍ കേരളം ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘ഭരണഘടനയുടെ ആത്മാവില്‍ പോലും വര്‍ഗീയത കലര്‍ത്താനുള്ള ശ്രമങ്ങളെ ചെറുത്തേ പറ്റൂ. അതിനും പിന്തുണ പ്രഖ്യാപിക്കുന്നവര്‍ ഇവിടെയുമുണ്ട്. ഗവര്‍ണര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പറയുന്നത് ഇതാണ്. ഇന്ത്യയെ മറ്റൊരു പാക്കിസ്ഥാനാക്കി മാറ്റാനുള്ള ശ്രമമാണ് മോദിയും അമിത് ഷായും നടത്തുന്നത്. അവിടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന നയങ്ങള്‍ ഇന്ത്യയുടെ മണ്ണിലും നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. സൈനിക മേധാവി രാഷ്ട്രീയം പറയുന്നത് പാക്കിസ്ഥാനിലാണ്. അത് ഇന്ത്യയിലും ആവര്‍ത്തിച്ചു.

സൈനിക മേധാവി രാഷ്ട്രീയത്തില്‍ ഇടപ്പെട്ട് സംസാരിക്കുന്നത് നമ്മള്‍ മുമ്പ് കണ്ടിട്ടുള്ളത് പാകിസ്താനിലാണ്. എന്നാലിപ്പോള്‍ ഇന്ത്യയിലും അങ്ങനെ സംഭവിച്ചിരിക്കുന്നു. കേരള ഗവര്‍ണര്‍ യുപിയിലെ അബ്ദുള്ളക്കുട്ടിയാണെന്ന് പറയുന്നത് കേട്ടു. അദ്ദേഹം പലപാര്‍ട്ടികള്‍ മാറിവന്ന് ഈ പറയുന്ന വിവേചനത്തിന് കുട പിടിക്കുകയാണ് ചെയ്യുന്നത്. ഭരണഘടന പറയുന്നത് രാജ്യത്തിന് മതമില്ലെന്നാണ്. ഇന്ത്യയെ വിവേചനത്തിന്റെ മണ്ണാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ ജിന്നയുടെ പിന്മുറക്കാര്‍. അവര്‍ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പിന്മുറക്കാരല്ല. ജിന്ന നടത്തിയതിനേക്കാള്‍ വലിയ വിഭജനത്തിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഷാഫി പറമ്പില്‍ പറഞ്ഞു.

Top