പ്രവാസികളുടെ വയറ്റത്തടിക്കരുത്; ആദായ നികുതി ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

തിരുവനന്തപുരം: പ്രവാസികളായ ഇന്ത്യക്കാരുടെ വയറ്റത്തടിക്കുന്ന ആദായ നികുതി നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. മന്ത്രി ഇ.പി ജയരാജനാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. നേരത്തെ ഈ ഗുരുതര പ്രശ്‌നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

നാട്ടില്‍ വരുന്ന പ്രവാസികളില്‍ പലരും ആദായ നികുതി ഇളവിന് പുറത്താകും എന്നാതാണ് കേരള സര്‍ക്കാര്‍ ഉന്നയിക്കുന്ന ആശങ്ക. ഇന്ത്യക്ക് വിദേശ നാണ്യം എത്തിക്കുന്ന സാധാരണക്കാരെ സംബന്ധിച്ച് ഏറെ വിഷമകരമായ അവസ്ഥയാണിത്. അതുകൊണ്ട് ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാണ് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രിയുടെ കത്തിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി നല്‍കിയിരുന്നു. വിദേശത്ത് സമ്പാദിക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആരും നികുതി നല്‍കേണ്ടി വരില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയില്‍ നികുതിയീടാക്കില്ല. പ്രവാസിക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കില്‍ അതിന് മാത്രമേ നികുതി നല്‍കേണ്ടതുള്ളൂ എന്നും മറുപടില്‍ വ്യക്തമാക്കി. ഇത് പ്രവാസികളെ ഒരു തരത്തിലും ബാധിക്കില്ലെന്നും നിര്‍മലാ സീതാരാമന്‍ പറയുന്നു.

നികുതി ഇളവ് നല്‍കുന്ന സ്ഥിരവാസി പദവിയിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിലുള്ള ശുപാര്‍ശയിലാണ് കേരളത്തിന്റെ ആശങ്ക. നിലവില്‍ വര്‍ഷത്തില്‍ 182 ദിവസമോ അതിലേറെയോ ദിവസം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കാണ് നികുതി ബാധകം. എന്നാല്‍ ഇത് 120 ദിവസമായി കുറക്കുന്നതാണ് പുതിയ ഭേദഗതി.

വിഷയത്തില്‍ പ്രവാസികള്‍ വലിയ ആശങ്കയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമസഭയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് വിഷയം സജീവ ചര്‍ച്ചയാക്കാന്‍ പ്രമേയം പാസാക്കണമെന്നും ഇ.പി ജയരാജന്‍ നിയസഭയെ അറിയിച്ചു.

Top