Kerala Assembly: Oppn demands Babu’s resignation

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം നേരിടുന്ന എക്‌സൈസ് മന്ത്രി കെ. ബാബു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു തുടര്‍ച്ചയായ രണ്ടാംദിനവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാബുവിനെതിരെ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്.

ചോദ്യോത്തരവേള ആരംഭിച്ചതോടെ രാജി ആവശ്യവുമായി മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിപക്ഷം എഴുന്നേറ്റു.

ഈ സമയത്ത് ഭരണപക്ഷത്തു നിന്നും ഉയര്‍ന്ന ചില ആക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങള്‍ പ്രതിപക്ഷത്തെ പ്രകോപിതരാക്കി. ഇതോടെ എം.എല്‍.എമാരായ വി.എസ്. സുനില്‍ കുമാര്‍, വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പ്രതിപക്ഷത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഭരണപക്ഷം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നു പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഭരണപക്ഷത്തിന്റെ പരാമര്‍ശം സഭാരേഖയില്‍ ഉണ്ടാകില്ലെന്നു സ്പീക്കര്‍ അറിയിച്ചു. രേഖയിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് സഭാനേതാവായ തനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ അറിയിച്ചു. സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.

മന്ത്രി ബാബുവിനെതിരായ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നലെയുണ്ടായ പ്രതിപക്ഷം ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചയോടെ നിര്‍ത്തിവച്ചിരുന്നു. നേരത്തെ പിരിഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാ കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.

Top