Kerala Assembly Election Rahul watches congress party leaders

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ മാര്‍ക്ക് സീറ്റ് നല്‍കുന്ന കാര്യത്തില്‍ അവരുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം മാനദണ്ഡമാകുമെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ്.

യുവ എംഎല്‍എമാര്‍ അടക്കം കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ സിറ്റിംഗ് എംഎല്‍എ മാര്‍ക്കും ഇത് ബാധകമാണ്. ജാതി-മത സമവാക്യങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രധാന ഘടകമാകും.

വര്‍ഗ്ഗീയ – ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ പ്രചരണം അഴിച്ച് വിട്ടായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുക. ദേശീയ തലത്തിലും സംസ്ഥാനത്തും സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പ്രചാരണം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഉചിതമായ സമയത്ത് സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് പ്രമുഖരുടെ വികാരം കൂടി പരിഗണിച്ച് തീരുമാനമുണ്ടാകും. ഘടക കക്ഷികളുടെ അഭിപ്രായവും ഇക്കാര്യത്തില്‍ മാനിക്കുമെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് വ്യക്തമാക്കി.

മുഖ്യമന്ത്രിമാരാവാന്‍ യോഗ്യരായ നിരവധി പേര്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതൃ നിരയില്‍ ഉണ്ടെന്നാണ് ഹൈക്കമാന്റ് പറയുന്നത്.

നായകന്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇടത് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വി.എസ് ആണെങ്കില്‍ അതിനെക്കൂടി എതിരിടാന്‍ ശക്തിയുള്ള പ്രതിച്ഛായയുള്ള നേതാവായിരിക്കും യുഡിഎഫിനെ നയിക്കുക എന്നാണ് ഹൈക്കമാന്റ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഇടത് മുന്നണിയെ വി.എസ് നയിച്ചാല്‍ യുഡിഎഫിനെ വി.എം സുധീരന്‍ നയിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട്.

രാഹുല്‍ ഗാന്ധിയുടെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ ഏറെ നിര്‍ണ്ണായകമാവുക. യുവാക്കള്‍ക്ക് പ്രാതിനിധ്യമുള്ള മികച്ച ടീം മത്സര രംഗത്തുണ്ടാവണമെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി.

കഴിഞ്ഞ തവണ രാഹുല്‍ നടത്തിയ ഈ പരീക്ഷണം വിജയം കണ്ടതിനാല്‍ കൂടുതല്‍ യുവതീ-യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കും.

ഓരോ മണ്ഡലത്തിലും ഗ്രൂപ്പ് താല്‍പ്പര്യം മാറ്റിവച്ച് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കുക എന്നതാണ് തന്ത്രം. ഇതിന് പാര്‍ട്ടയിലെ സീനിയോറിറ്റിയോ സ്ഥാനമാനങ്ങളോ ‘ഘടക’ മാവരുതെന്ന കര്‍ക്കശ നിര്‍ദ്ദേശം നല്‍കും.

വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി പട്ടിക സ്വന്തം നിലക്ക് രാഹുല്‍ ഗാന്ധിയും തന്റെ ഐ.ടി ടീമിനെ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്നുണ്ട്.

കെപിസിസി നിര്‍ദ്ദേശവും ഈ പട്ടികയും കൂടി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകു. കേവലം ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്ക് നിന്നുകൊടുത്ത് ഭരണ തുടര്‍ച്ച നഷ്ടപ്പെടുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാക്കില്ലെന്ന കര്‍ക്കശ നിലപാട് രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ കെപിസിസി നല്‍കുന്ന ലിസ്റ്റ് എല്ലാവശവും പരിഗണിച്ച് മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങള്‍ പറയുന്നത്.

Top