Kerala Assembly election- NCP -Uzhavoor Vijayan

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോട് 8 സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന പേര് പൂര്‍ണ്ണമാകണമെങ്കില്‍ ജനാധിപത്യ കക്ഷികള്‍ക്കും മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിയ്‌ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4 സീറ്റുകല്‍ലാണ് എന്‍സിപി മത്സരിച്ചത്. അതില്‍ 2 സീറ്റുകളില്‍ പാര്‍ട്ടി വിജയിയ്ക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ഇടതുപക്ഷവുമായി നല്ല ബന്ധം പുലര്‍ത്തിവരുന്ന പാര്‍ട്ടിയാണ് എന്‍സിപി. എല്ലാ ഘടകകക്ഷികളോടും ഒരു പോലെ ബന്ധം കാത്തുസൂക്ഷിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന പാര്‍ട്ടിയും കൂടിയാണ് എന്‍സിപി. എന്നാല്‍ സീറ്റുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള തര്‍ക്കങ്ങള്‍ക്കും തയ്യാറല്ലെന്നും അര്‍ഹമായ പരിഗണന ഇടതുമുന്നണിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച തോമസ് ചാണ്ടിയുടെ പ്രസ്താവനകളെ ഉവവൂര്‍ പരസ്യമായി തള്ളിക്കളഞ്ഞു. കുട്ടനാട്ടില്‍ മത്സരിയ്ക്കുമെന്നും ജലസേചന മന്ത്രിയാകുമെന്നുമുള്ള തീരുമാനം തോമസ് ചാണ്ടിയുടെ വ്യക്തിപരമായ പരാമര്‍ശമാണെന്നും അത്തരത്തില്‍ ഒരു തീരുമാനവും പാര്‍ട്ടി കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷി എല്‍ഡിഎഫിന്റെ ഭാഗമാകുമെന്നുള്ള സൂചനയും അദ്ദേഹം നല്‍കി.

Top