kerala-assembly-election-league-declared-candidates-early

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കൈയ്യടി നേടിയ മുസ്‌ലിം ലീഗ് വെള്ളംകുടിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസുമായി വെച്ചുമാറുന്നതിന് കുറ്റ്യാടി, കുന്ദമംഗലം, ഗുരുവായൂര്‍, ഇരവിപുരം സീറ്റുകളിലെ പ്രഖ്യാപനം മാറ്റിവെക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് രണ്ടു മാസത്തിലധികം സമയം ലഭിച്ചതോടെ നേരത്തെ നടത്തിയ പ്രഖ്യാപനം ലീഗിനു തന്നെ തലവേദനയാവുകയാണ്. കോണ്‍ഗ്രസും സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ മാര്‍ച്ച് അവസാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. ലീഗിനാവട്ടെ പ്രഖ്യാപിച്ചിടങ്ങളില്‍ വിമതഭീഷണി ശക്തമായിട്ടുണ്ട്.

കൊടുവള്ളിയില്‍ ലീഗ് നേതാവ് കാരാട്ട് റസാഖ് ഇടതു സ്വതന്ത്രനാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തിരുവമ്പാടിയില്‍ ലീഗ് മത്സരിക്കുന്നതിനെതിരെ താമരശേരി രൂപത കലാപക്കൊടിയും ഉയര്‍ത്തിക്കഴിഞ്ഞു. സഭയുടെ പ്രതിഷേധം വോട്ടായാല്‍ തിരുവമ്പാടിയില്‍ സി.പി.എമ്മിനും വിജയം ഉറപ്പിക്കാം.

ലീഗിന്റെ കോട്ടയായ മലപ്പുറത്തെ മണ്ഡലങ്ങളില്‍ ശക്തരായ സ്വതന്ത്രരെ ഇറക്കാന്‍ ആവശ്യമായ സമയമാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. ഇരവിപുരം ആര്‍.എസ്.പിക്കു വേണ്ടി വിട്ടുകൊടുക്കേണ്ടി വരുന്നതും ലീഗിനെ കുഴക്കുന്നുണ്ട്.

കഴിഞ്ഞ തവണ 24 മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗിന് 20 എം.എല്‍.എമാരെ ലഭിച്ചിരുന്നു. വിജയത്തില്‍ മതിമറന്ന ലീഗ് യു.ഡി.എഫില്‍ കൂടിയാലോചന നടത്താതെ അനുവദിച്ച നാലു മന്ത്രിമാര്‍ക്കൊപ്പം അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയെയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് നേതൃത്വത്തെയും എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകളെയും ചൊടിപ്പിച്ചിരുന്നു. ഒടുവില്‍ പുതിയ വകുപ്പുകളൊന്നും നല്‍കാതിരുന്നിട്ടും കുഞ്ഞാലിക്കുട്ടിയുടെ പക്കലുണ്ടായിരുന്ന നഗരവികസനം നല്‍കിയാണ് അലിയെ മന്ത്രിയാക്കിയത്.

അഞ്ചാം മന്ത്രി പ്രഖ്യാപനം ലീഗിനെ ഏറെ വേട്ടയാടിയിരുന്നു. ഇതുപോലെയുള്ള അബദ്ധമായാണ് നേരത്തെയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെയും രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പ്രഖ്യാപനം വന്നെങ്കിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ സജീവമായിട്ടില്ല. രണ്ടുമാസത്തിലധികം സമയമുള്ളതിനാല്‍ ഇപ്പോഴേ പ്രവര്‍ത്തനം നടത്തി കാശുകളയേണ്ടെന്ന നിലപാടിലാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍. ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ നേരത്തെ പ്രചരണം നടത്തി കാശുതുലയ്ക്കാനില്ലെന്ന് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Top