Kerala-assembly-election-LDf-conflict-UDF-happy

cpm congress

തിരുവനന്തപുരം: പതിവിനു വിപരീതമായി ഇത്തവണ ഇടതുമുന്നണിക്കു സീറ്റു വിഭജനം കീറാമുട്ടിയാകുമ്പോള്‍ പ്രശ്‌നക്കാരായ ഘടകകക്ഷികള്‍ കൊഴിഞ്ഞുപോയ ആശ്വാസത്തില്‍ കൂടുതല്‍ സീറ്റു ലഭിക്കുമെന്ന ആശ്വാസത്തില്‍ കോണ്‍ഗ്രസ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 93 മണ്ഡലങ്ങളില്‍ സി.പി.എമ്മും 82 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മത്സരിച്ചിരുന്നു. സി.പി.എം 45 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 38 സീറ്റാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ സ്ഥിതി മാറി.

ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്-ബിയും ഗൗരിയമ്മയുടെ ജെ.എസ്.എസും ഇടതുമുന്നണിക്കൊപ്പമാണ്. സി.എം.പി പിളര്‍ന്ന് അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള വിഭാഗവും കേരള കോണ്‍ഗ്രസ് പിളര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജും, ആന്റണി രാജുവും അടക്കമുള്ളവരും ഇടതുകൂടാരത്തിലെത്തി ക്കഴിഞ്ഞു. ഇതോടെ ജെ.എസ്.എസ് മത്സരിച്ച നാലു സീറ്റും സി.എം.പിയുടെ മൂന്നു സീറ്റും കേരള കോണ്‍ഗ്രസ് ബി യുടെ രണ്ടു സീറ്റും അടക്കം ഒമ്പത് സീറ്റാണ് യു.ഡി.എഫില്‍ അധികമായി ലഭിക്കുന്നത്.

ഇടതുമുന്നണിയില്‍ നിന്നും വന്ന ആര്‍.എസ്.പിക്കു മാത്രമാണ് സീറ്റ് കണ്ടെത്തേണ്ടതുള്ളത്. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റ് മതിയെന്നു പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസ്-എമ്മിനും കഴിഞ്ഞ തവണത്തെ 15 സീറ്റേ നല്‍കൂ. എം.പി വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റു നല്‍കുന്നതിനാല്‍ സോഷ്യലിസ്റ്റ് ജനതക്ക് കഴിഞ്ഞ തവണത്തെ ആറു സീറ്റില്‍ തൃപ്തിപ്പെടേണ്ടി വരും. സി.എം.പിയില്‍ സി.പി ജോണിനു മാത്രമേ സീറ്റു ലഭിക്കാനുള്ള സാധ്യതയുള്ളൂ. ജെ.എസ്.എസില്‍ ആര്‍ക്കും സീറ്റുണ്ടാവില്ല.

അതേസമയം സി.പി.എമ്മിന് മുന്നണിക്കകത്തെ അഞ്ചു പാര്‍ട്ടികള്‍ക്കൊപ്പം ഇടതുകൂടാരത്തിലെത്തിയ ഒമ്പതു പാര്‍ട്ടികള്‍ക്കു കൂടി സീറ്റു നല്‍കണം. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് (ബി), പി.സി ജോര്‍ജ്, കേരള കോണ്‍ഗ്രസ് (എം) വിട്ടു വന്ന ജോസഫ് ഗ്രൂപ്പ്, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്.പി (ലെനിനിസ്റ്റ്), ജെ.എസ്.എസ് ഗൗരിയമ്മ വിഭാഗം, ഫോര്‍വേഡ് ബ്ലോക്ക്, സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം, പി.ടി.എ റഹിമിന്റെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നിവര്‍ക്കാണ് സീറ്റു നല്‍കേണ്ടത്.

പലതായി പിളര്‍ന്ന് പാര്‍ട്ടി ഏറെ ശോഷിച്ചിട്ടുണ്ടെങ്കിലും അഞ്ചു സീറ്റാണ് ഗൗരിയമ്മ ചോദിക്കുന്നത്. അതില്‍ നാലെങ്കിലും നിര്‍ബന്ധം. അതേസമയം ഗൗരിയമ്മയുടെ പാര്‍ട്ടിയെ ഒന്നിലൊതുക്കാനാണ് സി.പി.എമ്മിനു താല്‍പര്യം. കൂടിയാല്‍ രണ്ടു സീറ്റുകള്‍ നല്‍കിയേക്കും. എന്നാല്‍ വലിയ പിടിവാശിയുള്ള ഗൗരിയമ്മ അത്ര പെട്ടെന്ന് ഒത്തുതീര്‍പ്പിലെത്താനിടയില്ല.

ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് വിട്ടു വന്നവര്‍ക്ക് എട്ടു സീറ്റെങ്കിലും വേണം. എന്നാല്‍ മൂന്നില്‍ ഒതുക്കി നിര്‍ത്താനാണ് സി.പി.എമ്മിന്റെ ശ്രമം. ഈ വിഭാഗത്തെ പിന്തുണയ്ക്കുന്ന ചില ക്രൈസ്തവ സാമുദായിക നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കിയാല്‍ സി.പി.എം അല്‍പം അയഞ്ഞേക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ നാലു സീറ്റു നല്‍കിയേക്കും. കൂടുതല്‍ സീറ്റ് ഇവര്‍ക്കു കിട്ടുകയാണെങ്കില്‍ മാണി വിഭാഗത്തില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ മറുകണ്ടം ചാടിയേക്കുമെന്ന സൂചനയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താവണം ഈ വിഭാഗത്തിനു സീറ്റ് നല്‍കേണ്ടത് എന്നതിനാല്‍ അതു വൈകുമെന്നുറപ്പാണ്.

ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും മകന്‍ കെ.ബി ഗണേശ് കുമാറിനും മത്സരിക്കാനായി രണ്ടു സീറ്റാണ് കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെടുന്നത്. ഇത്തവണ ഒരു സീറ്റിലെങ്കിലും മത്സരിക്കണമെന്ന വാശിയിലാണ് ഫോര്‍വേഡ് ബ്ലോക്ക്. അവര്‍ക്കു സീറ്റ് നല്‍കാന്‍ സി.പി.എമ്മിനു വലിയ താല്‍പര്യമില്ല. നിവൃത്തിയില്ലെങ്കില്‍ മാത്രം ഒരു സീറ്റ് നല്‍കും. ജനതാദള്‍ (എസ്), എന്‍.സി.പി, കോണ്‍ഗ്രസ് (എസ്), ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളും കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ സീറ്റിന് വിലപേശിക്കൊണ്ടിരിക്കയാണ്.

Top