Kerala-assembly-election-cpm-candidate-list

cpm

തിരുവനന്തപുരം : സി.പി.എം ജില്ലാ കമ്മിറ്റികള്‍ നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അണികള്‍ക്കിടയില്‍ വ്യാപക അമര്‍ഷം.

എതാനും ചില ജില്ലകളെ മാറ്റിനിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം വരുന്ന ജില്ലാ കമ്മിറ്റികളും നല്‍കിയ സാധ്യതാ പട്ടികയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ തീരുമാനിക്കുന്നതെങ്കില്‍ വലിയ വില പാര്‍ട്ടിയും മുന്നണിയും നല്‍കേണ്ടിവരുമെന്നാണ് അണികളുടെ മുന്നറിയിപ്പ്. തിരുത്തല്‍ നടപടിക്ക് നേതൃത്വം തയ്യാറായില്ലെങ്കില്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍. ഇക്കാര്യം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട ഘടകങ്ങളെ ഇതിനകം തന്നെ അറിയിച്ച് കഴിഞ്ഞതായാണ് സൂചന.

മിക്ക ജില്ലാ കമ്മിറ്റികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെന്ന പേരില്‍ യോഗം ചേര്‍ന്ന് പരസ്പരം സീറ്റുകളില്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നാണ് ആക്ഷേപം.

പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ജനസമൂഹത്തിന്റെ വികാരം സംസ്ഥാന കമ്മിറ്റിയില്‍ അറിയിക്കാതെ നല്‍കിയ പട്ടികയില്‍ ഉറച്ചു നില്‍ക്കാനാണ് ജില്ലാ നേതൃത്വങ്ങളുടെ തീരുമാനമെങ്കില്‍ സ്വയം കുഴി തോണ്ടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോവുമെന്നാണ് താക്കീത്.

ഉപതിരഞ്ഞെടുപ്പില്‍ ശബരിനാഥ് വന്‍ വിജയം നേടിയ അരുവിക്കരയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാട്ടാക്കട ശശി പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതടക്കം കാസര്‍ഗോഡ് വരെയുള്ള 14 ജില്ലകളിലെയും സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക മുന്‍നിര്‍ത്തിയാണ് വിമര്‍ശനം.

ജീവന്‍ മരണപോരാട്ടമായി രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നോക്കി കാണുന്ന തിരഞ്ഞെടുപ്പില്‍ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയും വിജയ സാധ്യത മുന്നില്‍ കണ്ടും സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാതെ പാര്‍ലമെന്ററി വ്യാമോഹത്തിന് ജില്ലാ നേതൃത്വങ്ങള്‍ വശംവദരായെന്നാണ് പരക്കെയുള്ള അഭിപ്രായം.

യുവാക്കള്‍, സ്ത്രീകള്‍, അക്കാദമിക്ക്-ഐടി മേഖലകളിലെ പ്രാതിനിധ്യം, സാംസ്‌കാരിക നായകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ കാര്യമായി പരിഗണിക്കാതെ പട്ടിക നല്‍കിയതില്‍ സംസ്ഥാന നേതാക്കള്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി സംഘടനാ രീതി പ്രകാരം ജില്ലാ കമ്മിറ്റികള്‍ നല്‍കുന്ന ലിസ്റ്റില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുകയെങ്കിലും ഇത്തവണ കണ്ണടച്ച് ആ പട്ടിക മാത്രമായി പരിഗണിക്കാന്‍ പറ്റില്ലെന്നാണ് നേതൃത്വത്തിന്റെ വികാരം.

എല്ലാ സാധ്യതകളും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് വിജയ സാധ്യതയുള്ളവരെ മാത്രം മുന്നോട്ടുവയ്ക്കുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

കണ്ണൂരിലെ ചില സി.പി.എം കോട്ടകളും ലീഗിന്റെ മലപ്പുറം ജില്ലയിലെ ശക്തി കേന്ദ്രങ്ങളും മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഭൂരിപക്ഷ മണ്ഡലങ്ങളിലും ജനവിധി എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്നാണ് രാഷ്ട്രീയ ബുദ്ധിജീവികള്‍ പോലും കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ യു.ഡി.എഫിനോട് അടുത്ത കാലത്തുണ്ടായ അകല്‍ച്ച ഫലപ്രദമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു.

ന്യൂനപക്ഷ സമുദായാംഗങ്ങളില്‍ നിന്നും യുവ സമൂഹത്തില്‍ നിന്നും നല്ല പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചതിനെ തുടര്‍ന്നായിരുന്നു അത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോലും മേയര്‍ സ്ഥാനാര്‍ത്ഥിയാവേണ്ട മുതിര്‍ന്ന നേതാക്കള്‍ തോറ്റപ്പോള്‍ ഡി.വൈ.എഫ്.ഐ നേതാവായ പ്രശാന്തിനെയാണ് മേയര്‍ കസേര തേടിയെത്തിയത്.

യുവ-വനിതാ-ന്യൂനപക്ഷ പ്രാതിനിധ്യങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉറപ്പുവരുത്തണമെന്ന ആവശ്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഉയരുന്നതും ഈ പശ്ചാത്തലത്തിലാണ്.

സോഷ്യല്‍ മീഡിയ നിര്‍ണ്ണായകമാവുന്ന തിരഞ്ഞെടുപ്പില്‍ ഒരിക്കലും ഈ വിഭാഗങ്ങളെ മാറ്റി നിര്‍ത്തരുതെന്നാണ് ഇടതുപക്ഷം അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷമതികളായ വോട്ടര്‍മാരും ആഗ്രഹിക്കുന്നത്.

ആളില്ലാത്ത ഘടക കക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മനോവീര്യം കെടുത്തുന്നതിന് പകരം മുന്‍ എസ്എഫ്‌ഐ നേതാവ് ടി ഗീനാകുമാരിയെ പോലെ ഒരു കാലഘട്ടത്തില്‍ കേരളത്തിന്റെ ആവേശമായ യുവത്വത്തിന് പ്രാതിനിധ്യം നല്‍കണമെന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാന ആവശ്യം.

പ്രായപരിധിയില്‍ തട്ടിയും മറ്റും പുറത്ത് പോകേണ്ടിവന്ന നിരവധി ജനകീയരായ വിദ്യാര്‍ത്ഥി- യുവജന നേതാക്കള്‍ സി.പി. എമ്മിലുണ്ടായിട്ടും പരിഗണിക്കാതെ തഴയുന്നതിലും പ്രതിഷേധം അണികള്‍ക്കിടയിലുണ്ട്. ഹൈക്കമാന്റ് ഇടപെടലോടെ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കി കോണ്‍ഗ്രസ്സും ന്യൂ ജനറേഷന്‍ വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പി യും പിടിമുറുക്കിയാല്‍ കപ്പിനും ചായക്കുമിടയില്‍ ഭരണം നഷ്ടമാകുന്ന സാഹചര്യം ഇടതുപക്ഷത്തിനുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇടത് ചിന്തകരും രഹസ്യമായി സമ്മതിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നടക്കുന്ന സി.പി.എം സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വികാരം കൂടി കണക്കിലെടുത്ത് നല്ല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍.

Top