kerala-assembly-election-cpm-candidate-list

തിരുവനന്തപുരം: ഒടുവില്‍ അണികളുടെ പ്രതിഷേധത്തിന് മുന്നില്‍ സിപിഎം നേതൃത്വം മുട്ടുമടക്കി.

കൊല്ലം,തിരുവനന്തപുരം ജില്ലകളിലടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നടത്തിയ ഗുരുതര പാളിച്ചകളാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇടപെട്ട് തിരുത്തിയത്.

ജില്ലാ നേതാക്കളെ ഉള്‍പ്പെടുത്തി തട്ടിക്കൂട്ടിയുണ്ടാക്കിയ ലിസ്റ്റിന് പകരം യുവാക്കള്‍ക്കും പൊതുസമ്മതര്‍ക്കും പ്രാതിനിധ്യം നല്‍കുന്നതാണ് പുതിയലിസ്റ്റ്.

ഭരണം പിടിക്കുക എന്നതിനപ്പുറം മറ്റൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത ജിവന്‍മരണ പോരാട്ടത്തില്‍ പാര്‍ലമെന്ററി വ്യാമോഹം മാറ്റിവെച്ച് വേണമായിരുന്നു ജില്ലാ കമ്മിറ്റികള്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറാക്കേണ്ടതെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നു വന്ന പൊതു അഭിപ്രായം.

ഇക്കാര്യത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനടക്കമുള്ള നേതാക്കള്‍ കാര്യമായ ഇടപെടല്‍ തന്നെ സംസ്ഥാന കമ്മിറ്റിയില്‍ നടത്തിയതായാണ് അറിയുന്നത്.

മികച്ച ടീമിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയണമെന്ന നിലപാടിലാണ് പിണറായി.

വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ തന്നെ മത്സരിക്കട്ടെയെന്ന നിലപാട് പിണറായി കൂടെ സ്വീകരിച്ചതോടെയാണ് എതിര്‍പ്പ് ഇല്ലാതായത്.

തെക്കന്‍ ജില്ലകളിലെവിടെയെങ്കിലും വിഎസ് മത്സരിക്കണമെന്നതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ താല്‍പര്യം.

ഈഴവ വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്താന്‍ ഇത് സഹായകരമാവുമെന്നതായിരുന്നു കണക്ക്കൂട്ടല്‍. പ്രത്യേകിച്ച് ബിജെപി-ബിഡിജെഎസ് സഖ്യം വോട്ട് ചോര്‍ത്തല്‍ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍.

എന്നാല്‍ ഇക്കാര്യത്തില്‍ വിഎസിനെ നിര്‍ബന്ധിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം മലമ്പുഴ തന്നെ നല്‍കണമെന്നുമുള്ള നിലപാടിനാണ് നേതൃത്വത്തില്‍ പ്രാമുഖ്യം ലഭിച്ചത്.

തിരുത്തല്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കും ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ക്കും പരിഗണന ലഭിച്ചതില്‍ യുവനേതൃത്വവും ഇപ്പോള്‍ ഹാപ്പിയാണ്.

Top