kerala-assembly-election-black-money-enforcement

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കള്ളപ്പണത്തിന്റെ വ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കരുതല്‍ നടപടി.

ഇന്‍കം ടാക്‌സ് – എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യുന്നത്.

പ്രമുഖ ഭരണ – പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ചില നേതാക്കളുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയും ഒബ്‌സര്‍വേഷനിലാണെന്നാണ് സൂചന.

ഇടത്-വലത് മുന്നണികളുടെ ജീവന്‍ മരണ പോരാട്ടമായ ഈ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കള്ളപ്പണമിറങ്ങുമെന്ന് തന്നെയാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം.

ഓരോ മണ്ഡങ്ങളിലും കോടിക്കണക്കിന് രൂപയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി നല്‍കാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 300 കോടി രൂപ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും ലഭിച്ചിട്ടുണ്ടെന്ന് മുന്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനെയും കേന്ദ്ര ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.

കേന്ദ്രത്തില്‍ ഭരണമില്ലെങ്കിലും വലിയ ഒരു ഫണ്ട് ശേഖരണം നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി യു.ഡി.എഫ് ശേഖരിച്ചിട്ടുണ്ടെന്ന് തന്നെയാണ് നിഗമനം.

പ്രതിപക്ഷ പാര്‍ട്ടികളും ഫണ്ട് ശേഖരണത്തിലും വിതരണത്തിലും ഈ തിരഞ്ഞെടുപ്പില്‍ പിശക് കാണിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ ജാഗ്രതയോടെ മുന്നോട്ട് നീങ്ങാനാണ് കീഴുദ്യോഗസ്ഥന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പോലീസ് പിടിച്ചെടുക്കുന്ന കള്ളപ്പണങ്ങള്‍ സ്റ്റേഷനില്‍ നിന്ന് വിട്ടു കൊടുക്കുന്നതിന് മുമ്പ് തന്നെ കസ്റ്റഡിയിലാക്കണമെന്ന നിര്‍ദ്ദേശവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

ലോക്കല്‍ പോലീസുമായി പരമാവധി സഹകരിച്ച് പോവാനാണ് നിര്‍ദ്ദേശമെങ്കിലും വാഹന പരിശോധനയ്ക്കും റെയ്ഡിനുമെല്ലാം ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ സഹായവും പരമാവധി ഉറപ്പു വരുത്തും.

Top