തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കമായി. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബു രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
കൈക്കൂലി വാങ്ങിയ ബാബുവിനെ പുറത്താക്കണം, കോഴമന്ത്രി ബാബുവിനെ നീക്കണം തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
രാവിലെ 8.30ന് സഭ സമ്മേളിച്ചപ്പോള്‍ ബാബുവിനെതിരായ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ചോദ്യോത്തരവേളയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നും ശൂന്യവേളയില്‍ പ്രമേയം അവതരിപ്പിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേളയിലേക്ക് കടന്നു. ഇതോടെയാണ് പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റത്.
ചോദ്യോത്തരവേളയില്‍ മന്ത്രി ബാബുവാണ് ആദ്യം മറുപടി പറഞ്ഞത്. എന്നാല്‍, ബാബു മറുപടി പറയുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യങ്ങളുമായി അത് തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്പീക്കര്‍ അംഗങ്ങളോട് ശാന്തരാവാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.
അതേസമയം, ബാര്‍ കോഴക്കസുമായി ബന്ധപ്പെട്ട് രാജിവെച്ച കെ.എം മാണിയുടെ സീറ്റില്‍ മന്ത്രി പി.ജെ. ജോസഫാണ് ഇന്ന് ഇരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനാണ് പി.ജെ ജോസഫ്. മാണി ഇന്ന് സമ്മേളനത്തിനെത്തിയില്ല.
ഹര്‍ത്താല്‍ നിയന്ത്രണ ബില്‍, മലയാള ഭാഷാ ബില്‍ തുടങ്ങിയവയാണ് സഭയില്‍ അവതരിപ്പിക്കാനുള്ളത്. ഇതിനുപുറമെ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളുമുണ്ട്. ഇന്നുമുതല്‍ 17ാം തിയതി വരെയാണ് സഭ ചേരുന്നത്.