തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചര കോടി രൂപ നല്‍കിയിട്ടുണ്ടെന്നും സരിത എസ്. നായരുമായി മുഖ്യമന്ത്രി ശാരീരികബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന കമ്മീഷന് മുന്നില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ബഹളംവച്ചത്. എന്നാല്‍, ചോദ്യോത്തരവേള പ്രതിപക്ഷം തടസ്സപ്പെടുത്തിയില്ല.
സഭ തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം ആരംഭിച്ചിരുന്നു. ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് ചില ഭരണപക്ഷ എം.എല്‍.എ.മാര്‍ രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി.
സ്പീക്കര്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും ശാന്തരാകാന്‍ ഇരുപക്ഷത്തേയും അംഗങ്ങള്‍ കൂട്ടാക്കിയില്ല.


