രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്‌ക്കെതിരെ ഇന്നിംഗ്‌സ് ജയം ലക്ഷ്യമിട്ട് കേരളം

വിജയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്‌ക്കെതിരെ ഇന്നിംഗ്‌സ് ജയം ലക്ഷ്യമിട്ട് കേരളം. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഉച്ചഭഷണത്തിന് പിരിയുമ്പോള്‍ ആന്ധ്ര മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. 50 റണ്‍സുമായി അശ്വിന്‍ ഹെബ്ബാര്‍, 25 റണ്‍സുമായി കരണ്‍ ഷിന്‍ഡെ എന്നിവരാണ് ക്രീസില്‍. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ആന്ധ്രയ്ക്ക് ഇനി 142 റണ്‍സ് കൂടെ വേണം.

ഒന്നാം ഇന്നിംഗ്‌സില്‍ ആന്ധ്ര 272 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതിന് മറുപടിയായി കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. അക്ഷയ് ചന്ദ്രന്‍ 184ഉം സച്ചിന്‍ ബേബി 113ഉം റണ്‍സെടുത്ത് പുറത്തായി. 242 റണ്‍സിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്‌സില്‍ കേരളം നേടിയത്.

നാലാം ദിനം 19-1 എന്ന സ്‌കോറില്‍ നിന്നാണ് ആന്ധ്ര ബാറ്റിംഗ് പുഃനരാരംഭിച്ചത്. 13 റണ്‍സെടുത്ത മഹീപ് കുമാറിനെയും ഒരു റണ്‍സെടുത്ത ക്യാപ്റ്റന്‍ റിക്കി ബൂയിയുടെയും വിക്കറ്റുകള്‍ ഇന്ന് ആന്ധ്രയ്ക്ക് നഷ്ടമായി. ഒരു ഘട്ടത്തില്‍ മൂന്നിന് 43 എന്ന് ആന്ധ്ര തകര്‍ന്നിരുന്നു. കേരളത്തിനായി എന്‍ പി ബേസില്‍ രണ്ടും വൈശാഖ് ചന്ദ്രന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Top