Kerala Agricultural University dalit student issue

തൃശ്ശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ അകാരണമായി ദളിത് വിദ്യാര്‍ത്ഥിയുടെ ഗവേഷണ പ്രബന്ധം തടഞ്ഞുവച്ച സംഭവത്തില്‍ വകുപ്പ് മേധാവിക്ക് സ്ഥലംമാറ്റം. തിരുവനന്തപുരത്ത് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ഡോ. സി.ആര്‍ എല്‍സിയെ സര്‍വകലാശാല ആസ്ഥാനത്തു നിന്ന് മാറ്റാന്‍ തീരുമാനമായത്.

തമിഴ്‌നാട് സ്വദേശി ടി.രാജേഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. രാജേഷ് സമര്‍പ്പിച്ച പ്രബന്ധം സ്വീകരിക്കാന്‍ വകുപ്പ് മേധാവി ഏകോപനം കാണിച്ചില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

സര്‍വകലാശാല അധികൃതരില്‍ നിന്ന് പീഡനമുണ്ടായെന്ന രാജേഷിന്റെ പരാതിയില്‍ അക്കാദമിക് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. സംഭവത്തില്‍ സ്വാഭാവിക നീതിയുടെ ലംഘനം ഉണ്ടായെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് വകുപ്പ് മേധാവിയായിരുന്ന ഡോ. സി.ആര്‍ എല്‍സിക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാല ഭരണസമിതി തീരുമാനമെടുത്തത്.

വിദ്യാര്‍ത്ഥിയുടെ പരാതി അന്വേഷിക്കുന്നതില്‍ ഉപദേശക സമിതി ചെയര്‍മാന്‍ വി.വി.രാധാകൃഷ്ണന്‍ വീഴ്ച വരുത്തിയെന്ന് യോഗം വിലയിരുത്തി. ഇദ്ദേഹം വിരമിച്ചതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാതെയാണ് യോഗം പിരിഞ്ഞത്.

Top