kerala administrative service

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇതില്‍ നിന്നും പിന്നോട്ട് പോകേണ്ട ആവശ്യമില്ലെന്നുമാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതിനെതിരെ വ്യാഴാഴ്ച്ച സെക്രട്ടേറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ പണിമുടക്കാനിരിക്കെയാണ് തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്ന് മന്ത്രിസഭായോഗത്തില്‍ ധാരണയായത്.

ഇതുമായി ബന്ധപ്പെട്ട് സംഘടനയുമായി ചര്‍ച്ച നടത്താമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭാ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പേകേണ്ടെന്ന സര്‍ക്കാര്‍ നിലപാട് സമരക്കാരെ അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലായിരുന്നു സെക്രട്ടേറിയറ്റിലെ മുപ്പത് വകുപ്പുകളില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചത്. പൊതുഭരണ വകുപ്പ്, ധനകാര്യ വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ഇത് നടപ്പാക്കുന്നത്‌.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണ സംവിധാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയേറ്റില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കാന്‍ തീരുമാനമുണ്ടായിരുന്നുവെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നടപ്പിലാക്കാനായിരുന്നില്ല.

എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇത് നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചത്. ഇതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു

Top