ആരോഗ്യ രംഗത്ത് വന്‍ നേട്ടം;വാര്‍ഷിക ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ശിശുമരണ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. മിസോറാമും കര്‍ണ്ണാടകയുമാണ് തൊട്ടുപിറകില്‍. ആരോഗ്യ മന്താലയം സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന് അനുകൂലമായ വിശദാംശങ്ങളുള്ളത്.

നവജാത ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ളത് ഹിമാചല്‍ പ്രദേശിലാണ്. തമിഴ്‌നാടും ഡല്‍ഹിയുമാണ് ഇക്കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കുടുംബാസൂത്രണം ഏറ്റവും നല്ല രീതിയില്‍ നടത്തുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണ്. ഛത്തീസ്ഗഡും രാജസ്ഥാനുമാണ് കുടുംബാസൂത്രണം ഏറ്റവും ഫലപ്രദമായി നടത്തുന്ന ബംഗാളിന് തൊട്ടു പുറകിലുള്ള സംസ്ഥാനങ്ങള്‍.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവും ഹിമാചല്‍ പ്രദേശ് തന്നെയാണ്. അസ്സാം, ഝാര്‍ഖണ്ഡ് എന്നിവ രണ്ടാം സ്ഥാനത്തും ഗുജറാത്ത്, കേരളം എന്നിവ മൂന്നാം സ്ഥാനത്തും വന്നിട്ടുണ്ട്.

ദേശീയ ക്ഷയരോഗ നിയന്ത്രണത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയ സംസ്ഥാനം ആന്ധ്രാപ്രദേശാണ്. ഗുജറാത്ത്, അരുണാചല്‍ പ്രദേശ് എന്നിവയും ഈ മേഖലയില്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുണ്ട്. ഹരിയാനയും ഹിമാചല്‍ പ്രദേശും ക്യാന്‍സര്‍ ചികിത്സ, പ്രമേഹം, ഹൃദ്രോഗ നിയന്ത്രണം തുടങ്ങിയ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചതായാണ് വിലയിരുത്തല്‍.

വികേന്ദ്രീകൃത അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കേന്ദ്ര മന്ത്രി ജെ പി നഡ്ഡ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് അമേരിക്ക ഉള്‍പ്പെടെയുളള വികസിത രാജ്യങ്ങളുടെ ശിശുമരണ നിരക്കിന് തുല്യമായിരുന്നു കേരളത്തിലേത്. ശിശുമരണനിരക്കില്‍ ദേശീയ ശരാശരി 42 ആയിരിക്കുമ്പോള്‍ കേരളത്തിലെ നിരക്ക് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയിരുന്നു.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ ശിശുമരണം ആയിരത്തില്‍ 21 ആയിരുന്നു. റഷ്യ (8), ചൈന (9), ശ്രീലങ്ക(8), ബ്രസീല്‍(15) തുടങ്ങിയ രാജ്യങ്ങള്‍ കേരളത്തേക്കാള്‍ പിന്നിലാണ്. 2009 മുതല്‍ ശിശു മരണനിരക്ക് ആയിരത്തില്‍ 12 ആയിരുന്നു. 2005-2006ല്‍ പതിനഞ്ചും. ഈ വര്‍ഷത്തെ കണക്കിലും കേരളം ആരോഗ്യപരിപാലനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.

Top