keral ldf government credit relaxing program

തിരുവനന്തപുരം: വായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വിഷമിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ പുതിയ കടാശ്വാസ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.

മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി എന്ന പേരിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. അഞ്ചുലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതി തള്ളും. വായ്പാ തുക പലിശയായി തിരിച്ചടച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. ഇത്തരത്തില്‍ ബാക്കി അടക്കേണ്ട തുകയാണ് സര്‍ക്കാര്‍ എഴുതി തള്ളുക.

ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ വായ്പയെടുത്തവര്‍ പലിശയും പിഴപ്പലിശയുമായി എടുത്ത വായ്പയുടെ അത്രയും തുക അടച്ചിട്ടുണ്ടെങ്കില്‍ എഴുതുിതള്ളുന്ന പദ്ധതിയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

കടം എഴുതി തള്ളാനായി സര്‍ക്കാരിന് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സാധിക്കും. ഇതിന് നിയമപ്രശ്‌നങ്ങള്‍ ഇല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പുതിയ പദ്ധതി സര്‍ക്കാരിന് എത്ര രൂപ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് കണക്കാക്കിയിട്ടില്ല. കടാശ്വാസം ആവശ്യപ്പെട്ട് അപേക്ഷകര്‍ മുഖ്യമന്ത്രിയെ സമീപിക്കുമ്പോള്‍ മാത്രമേ ബാധ്യത എത്രയെന്ന് കണക്കാക്കാന്‍ സാധിക്കു. ഇപ്പോള്‍ സംസ്ഥാനത്ത് രണ്ട് കടാശ്വാസ പദ്ധതികള്‍ നിലവിലുണ്ട്.

കാര്‍ഷിക കടാശ്വാസപദ്ധതിയും മത്സ്യത്തൊഴിലാളികള്‍ക്കായുള്ള കടാശ്വാസ പദ്ധതിയുമാണ് അവ. ഇവയ്ക്ക് പുറമേയാണ് പുതിയ പദ്ധതി.

ഈ രണ്ട് പദ്ധതികളുടെയും പരിധിയില്‍ വരാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുന്നത്

Top