ഈ പോരിൽ ജയം മാത്രമാണ് ലക്ഷ്യം . . . വീഴുന്നവരുടെ ഭാവി തന്നെ തരിപ്പണമാകും

കൂടത്തായി കൂട്ടക്കൊലക്കേസ് തളര്‍ത്തിയത് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തേയും. ജോളിയുടെ അറസ്റ്റിന് പിന്നാലെ അരും കൊലകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഓരോന്നായി പുറത്ത് വന്നതോടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളുമെല്ലാം ഇതിന് പിന്നാലെയാണിപ്പോള്‍ പ്രധാനമായും ഓടുന്നത്. ഓരോ ദിവസവും എന്നല്ല, മണിക്കൂറുകളിലും പുറത്ത് വന്നുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പ്രത്യേക അന്വേഷണ ടീമിനെ ഡി.ജി.പിക്ക് നിയോഗിക്കേണ്ടി വന്നത് തന്നെ കൂടുതല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സൂചനകള്‍ കിട്ടിയതോടെയാണ്. കൂടത്തായിയിലെ മുഴുവന്‍ ദുരൂഹതകളും പുറത്ത് വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ അതിനായാണിപ്പോള്‍ പ്രധാനമായും കാത്തിരിക്കുന്നത്. ഇവിടെ വിസ്മരിക്കപ്പെടുന്നത് ഉപതിരഞ്ഞെടുപ്പുകളാണ്. കേരളത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണ്ണയിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന കാര്യം പോലും പലരും മറന്ന മട്ടാണ്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മണ്ഡലങ്ങളില്‍ മുന്‍പത്തെ പോലും വീറും വാശിയും ഇത്തവണയില്ലാ എന്നതും ശ്രദ്ധേയമാണ്.

ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 5 ല്‍ മൂന്നിടത്തും യു.ഡി.എഫ് പ്രചരണത്തില്‍ ഏറെ പിറകോട്ടാണ്. എറണാകുളത്തും അരൂരിലുമാണ് അവര്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നത്. യു.ഡി.എഫ് സംഘടനാ സംവിധാനത്തെ പൂര്‍ണ്ണമായും ഈ മണ്ഡലങ്ങളില്‍ പോലും യുഡിഎഫിന് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.

മഞ്ചേശ്വരം സീറ്റ് നിലനിര്‍ത്താന്‍ മുസ്ലീം ലീഗ് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ ഇവിടെ യു.ഡി.എഫിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ബി.ജെ.പി ജയിക്കാതിരിക്കാന്‍ യു.ഡി.എഫിന് വോട്ട് ചെയ്തിരുന്ന ഇടത് അനുഭാവികള്‍ ഇത്തവണ ചതിച്ചാല്‍ മഞ്ചേശ്വരത്തും യു.ഡി.എഫ് വീഴും. സമാന സാഹചര്യമാണ് വട്ടിയൂര്‍ക്കാവിലുമുള്ളത്. ഇവിടെ ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലാണിപ്പേള്‍ പ്രധാന മത്സരം.

കോണ്‍ഗ്രസ്സിന്റെ ഈ സിറ്റിംഗ് സീറ്റില്‍ മൂന്നാമതായി പോകുമോ എന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും ശക്തമാണ്. മഞ്ചേശ്വരത്ത് ശങ്കര്‍ റേയെയും വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനേയും ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളാക്കിയതാണ് ഈ മണ്ഡലങ്ങളെ പ്രവചനാതീതമാക്കിയിരിക്കുന്നത്.

‘താമര’ വിരിയിക്കാതിരിക്കുന്നതിനേക്കാള്‍ ‘അരിവാളിന്റെ മൂര്‍ച്ച’ കൂട്ടുന്നതിനാണ് ഇടതുപക്ഷം ഇവിടങ്ങളില്‍ പ്രാമുഖ്യം കൊടുക്കുന്നത്. വിജയം എന്നതിനപ്പുറം മറ്റൊന്നും ചിന്തിക്കുന്നില്ലന്ന ചെമ്പടയുടെ ഈ ഒറ്റ വാശിയാണ് അവരെ പ്രചരണത്തില്‍ മുന്നിലെത്തിച്ചിരിക്കുന്നത്. കോന്നിയിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തി കോണ്‍ഗ്രസ്സ് പാളയത്തില്‍ പാരയായില്‍ അത് കോന്നിയിലും വട്ടിയൂര്‍ക്കാവിലുമാണ് ശരിക്കും പ്രതിഫലിക്കാന്‍ പോകുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈ മണ്ഡലങ്ങളില്‍ ബി.ജെ.പിയും ശുഭ പ്രതീക്ഷയിലാണ്. അധികം ബഹളമുണ്ടാക്കാതെ പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതിനാണ് ബി.ജെ.പി മുന്‍ഗണന കൊടുക്കുന്നത്.മഞ്ചേശ്വരത്ത് അവര്‍ പിന്തുടരുന്നതും ഇതേ മാര്‍ഗ്ഗം തന്നെയാണ്. ബി.ജെ.പി ജയിക്കുമെന്ന ആത്മവിശ്വാസം എതിര്‍ രാഷ്ട്രീയ നേത്യത്വങ്ങള്‍ക്ക് നല്‍കാത്ത തരത്തിലാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്.

കോന്നിയില്‍ കെ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷും നല്ലപോലെ വോട്ട് നേടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളായാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്. മഞ്ചേശ്വരത്ത് ഭാഷാ വിഭാഗങ്ങള്‍ക്കിടെയിലെ സ്വാധീനം രവിശ തന്ത്രിക്ക് ഗുണം ചെയ്യുമെന്നും കാവിപ്പട കണക്കുകൂട്ടുന്നു. ഈ മൂന്ന് മണ്ഡലങ്ങളിലും കേഡര്‍ വോട്ടുകള്‍ ഉറപ്പിച്ച് എതിരാളികളുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുത്താനാണ് സി.പി.എമ്മും ബിജെപിയും നിലവില്‍ ശ്രമിക്കുന്നത്. ഇതിനായി ഇരുവിഭാഗത്തെയും കേഡര്‍മാര്‍ മണ്ഡലങ്ങളിലെ ഓരോ വീടുകളിലും ഇടവിട്ട് നിരവധി തവണയാണ് കയറി ഇറങ്ങുന്നത്.

യു.ഡി.എഫ് പ്രവര്‍ത്തകരെ സംബന്ധിച്ച് പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങള്‍ കൈവിട്ട് പോകാതിരിക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രധാനമായും നടത്തി വരുന്നത്. എറണാകുളത്തും മഞ്ചേശ്വരത്തും ഇത് അവര്‍ ശക്തമായി നടത്തുന്നുണ്ടെങ്കിലും മറ്റിടങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ‘പൂതന’ പ്രയോഗം വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഷാനിമോള്‍ ഉസ്മാന്‍ പോലും അരൂരില്‍ ഭയക്കുന്നത് സ്വന്തം പാര്‍ട്ടി നേതാക്കളെ തന്നെയാണ്.

ലോകസഭ തിരഞ്ഞെടുപ്പില്‍ 20 ല്‍ 19ഉം നേടിയ യു.ഡി.എഫിന് അപമാനമായിരുന്നത് ഷാനിമോള്‍ ആലപ്പുഴയില്‍ പരാജയപ്പെട്ടതായിരുന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ അരൂരില്‍ മുന്നിലെത്താന്‍ കഴിഞ്ഞതാണ് സീറ്റ് പിടിച്ച് വാങ്ങാന്‍ ഷാനിമോള്‍ ഉസ്മാനെ പ്രേരിപ്പിച്ചിരുന്നത്. ഐ വിഭാഗക്കാരിയായ ഷാനിമോള്‍ക്ക് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നേരിട്ട തിരിച്ചടി ആ ഗ്രൂപ്പില്‍ തന്നെ വലിയ പൊട്ടിത്തെറിക്കാണ് കാരണമായിരുന്നത്.

മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂറും ഡി.സി.സി. പ്രസിഡന്റ് എം.ലിജുവും അരൂര്‍ സീറ്റ് ഏറെ മോഹിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ചെന്നിത്തല ഇടപെട്ടാണ് സ്വന്തം ഗ്രൂപ്പ് നേതാക്കളെ സമാധാനിപ്പിച്ച് ഷാനിമോള്‍ക്ക് സീറ്റ് നല്‍കിയിരുന്നത്. ഉമ്മന്‍ചാണ്ടിയും ഷാനിമോള്‍ മത്സരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

അതേസമയം, അരൂരിലും കാലുവാരിയില്‍ തിരഞ്ഞെടുപ്പിന് ശേഷം എല്ലാം തുറന്ന് പറയുമെന്ന മുന്നറിയിപ്പ് ഐ നേതൃത്വത്തിന് ഷാനിമോള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. ഇവിടെ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ പ്രചരണ രംഗത്ത് ഏറെ മുന്നിലെത്തി കഴിഞ്ഞിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും നിലവിലെ സാഹചര്യത്തില്‍ വിധിയെഴുത്ത് പ്രവചനാതീതമാണ്. ഇവിടെ അടിയൊഴുക്കുകളാണ് വിജയം നിര്‍ണ്ണയിക്കുക. കൂടത്തായി കൂട്ടക്കൊല വിവാദങ്ങള്‍ വഴിമുടക്കിയ പ്രചരണ രംഗം അവസാന ലാപ്പില്‍ ഉഷാറാകുന്നതോടെ ചിത്രവും കൂടുതല്‍ വ്യക്തമാകും.

Political Reporter

Top