സയൻസ് ഫിക്ഷൻ മോഹിനിയാട്ടശില്പമായി അരങ്ങിലെത്തുന്നു ‘നിലാക്കനവ്’ ആയി കെപ്ലറുടെ ‘സോംനിയം’

യൻസ് ഫിക്ഷനും നൃത്തരൂപത്തിൽ. ലോകത്തേതന്നെ ആദ്യ സയൻസ് ഫിക്ഷൻ നോവലായ ‘സോംനിയം’ ലാസ്യനൃത്തകലാരൂപമായ മോഹിനിയാട്ടത്തിലൂടെ ‘നിലാക്കനവ്’ എന്ന പേരിൽ അരങ്ങിലെത്തുന്നു. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത ജർമ്മൻ ശാസ്ത്രജ്ഞൻ ജോഹന്നാസ് കെപ്ലറുടെ പ്രശസ്തമായ സയൻസ് ഫിക്ഷൻ നോവലാണ് ‘സോംനിയം’. കല്പിതകഥ യാഥാർത്ഥ്യമായതിന്റെ ആഘോഷമായി ഒരുക്കിയ ‘നിലാക്കനവ്’ നൃത്തശില്പം കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ വനിതാദിനാഘോഷത്തിന്റെ ഭാഗമായ ‘വൗ വീക്കി’ൽ (WoW – World of Women) മാർച്ച് 6-നു വൈട്ട് അവതരിപ്പിക്കും.

ചിത്രകാരൻ രാജാരവിവർമ്മയുടെ കവിതകൾക്ക് ‘ഹിരൺമയം’ എന്ന മോഹിനിയാട്ട നൃത്തശില്പം അടക്കം ഇന്ത്യയിലെ നിരവധി നൃത്ത അരങ്ങുകളിൽ അപൂർവമായ കോറിയോഗ്രഫികൾ അവതരിപ്പിച്ച പ്രശസ്ത മോഹിനിയാട്ടം നർത്തകിയായ ഗായത്രി മധുസൂദനാണ് ‘നിലാക്കനവ്’ അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര സംവിധായകൻ വിനോദ് മങ്കരയുടെ മേൽനോട്ടത്തിലാണ് ഒരുങ്ങുന്നത്.

കെപ്ളറുടെ കൃതിക്ക് മോഹിനിയാട്ടസാഹിത്യം എഴുതിയത് സേതുവും മാനവും ചേർന്നാണ്. പാശ്ചാത്യസിംഫണിയും കേരളീയസോപാനസംഗീതവും യോജിപ്പിച്ച സംഗീതം നിലാക്കനവിന്റെ പ്രത്യേകതയാണ്. ദേശീയ അവാർഡ് ജേതാവായ പ്രശസ്ത സംഗീതസംവിധായകൻ രമേഷ് നാരായൺ ആണ് സംഗീതം പകർന്നിരിക്കുന്നത്. കഥകളിഗായകൻ സദനം ജ്യോതിഷ് ബാബുവാണ് ആലാപനം. കേരളത്തിലെ പ്രഗത്ഭരായ സംഗീതകാരർ പിന്നണി തീർക്കും.

ദൂരദർശിനി കണ്ടുപിടിക്കാത്ത കാലത്ത് ചാന്ദ്രജ്യോതിശാസ്ത്രത്തെ അവതരിപ്പിക്കുകയും ചന്ദ്രനിലേക്കുള്ള യാത്ര വിഭാവനം ചെയ്യുകയും ചെയ്യുന്നതാണ് സോംനിയത്തിന്റെ ഇതിവൃത്തം. ശാസ്ത്രലോകത്തു മുൻനിരയിലേക്ക് ഇന്ത്യയെ ഉയർത്തിയ ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യവിജയം ആഘോഷിക്കാനും ചന്ദ്രയാൻ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച അർപ്പണബോധമുള്ള ശാസ്ത്രജ്ഞർക്കുള്ള ആദരമായും മലയാളികളുടെ ഒരു കൂട്ടായ്മ വിഭാവനം ചെയ്തതാണ് ‘നിലാക്കനവ്’. ശാസ്ത്രനോവലിനെയും ഇന്ത്യൻ സംസ്കാരത്തെയും ദൃശ്യഭംഗിയോടെ ലയിപ്പിക്കുന്ന സംരംഭം രാജ്യത്ത് ആദ്യത്തേതാണ്.

Top