kendra sahitya akademi award for prabha varma’s syama madhavam

ന്യൂഡല്‍ഹി: പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.
ശ്യാമമാധവം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ഡല്‍ഹിയില്‍ ചേര്‍ന്ന സാഹിത്യ അക്കാദമിയുടെ വാര്‍ഷിക യോഗമാണ് പുരസ്‌ക്കാരത്തിനായി കൃതി തെരഞ്ഞെടുത്തത്. ശ്യാമമാധവത്തിന് നേരത്തെ വയലാര്‍ അവാര്‍ഡ് ഉള്‍പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ് പ്രഭാവര്‍മ.

സൗപര്‍ണ്ണിക, അര്‍ക്കപൂര്‍ണ്ണിമ, ചന്ദനനാഴി, ആര്‍ദ്രം,അവിചാരിതം എന്നീ കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പാരായണത്തിന്റെ രീതി ഭേദങ്ങള്‍’എന്ന പ്രബന്ധ സമാഹാരവും ‘മലേഷ്യന്‍ ഡയറിക്കുറിപ്പുകള്‍’ എന്ന യാത്രാ വിവരണവും രചിച്ചിട്ടുണ്ട്.

അര്‍ക്കപൂര്‍ണ്ണിമ എന്ന കവിതാസമാഹാരത്തിന് 1995 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2013 ല്‍ ശ്യാമമാധവം എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചു.

ഇതുകൂടാതെ ചങ്ങമ്പുഴ അവാര്‍ഡ് , അങ്കണം അവാര്‍ഡ് ,വൈലോപ്പള്ളി പുരസ്‌കാരം,മികച്ച ജനറല്‍ റിപ്പോര്‍ട്ടിങ്ങിന് ഉള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് എന്നിങ്ങനെ സാഹിത്യരംഗത്തും , പത്രപ്രവര്‍ത്തന രംഗത്തും ഉള്ള നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലെ ഗാനരചനക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും പ്രഭാവര്‍മ്മയെ തേടി എത്തിയിട്ടുണ്ട്.

സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണമനസ്സിലൂടെ കടന്നു പോയ പോയകാല ജീവിത ചിത്രങ്ങള്‍ പ്രമേയമാക്കിയ കൃതിയാണ് ശ്യാമമാധവം.

ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ അവതരിപ്പിച്ച കാവ്യാഖ്യായിക മലയാള സാഹിത്യചരിത്രത്തില്‍ തന്നെ തികച്ചും വേറിട്ടു നില്‍ക്കുന്ന സൃഷ്ടിയാണ് എന്നാണ് വിലയിരുത്തല്‍ .

1959ല്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് കടപ്രയിലാണ് പ്രഭാവര്‍മയുടെ ജനനം. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദവും മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറിയായിരുന്നു.

ദേശാഭിമാനി റസിഡന്റ് എഡിറ്ററായും ഡല്‍ഹി ബ്യൂറോ ചീഫ് ആയും കൈരളി ടി വി ഡയറക്ടറര്‍ ആയും, കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിനതീതമായ വലിയെരു സൗഹൃദ നിരതന്നെ പ്രഭാവര്‍മ്മക്കുണ്ട്.

Top