ശിവന്‍കുട്ടി അന്തസായി വിചാരണ നേരിടണമെന്ന് കെമാല്‍ പാഷ

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീംകോടിതി വിധി പ്രതീക്ഷിച്ചതായിരുന്നെന്ന് റിട്ട.ഹൈക്കോടതി ജസ്റ്റിസ് ബി കെമാല്‍ പാഷ. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക് പോകേണ്ടിയിരുന്നില്ലെന്നും ഇതിനെല്ലാം ഉപയോഗിച്ചത് പൊതുജനങ്ങളുടെ പണമാണെന്നും കെമാല്‍പാഷ പറഞ്ഞു.

വിധി പ്രതീക്ഷിച്ചിരുന്നതാണ്. സ്പീക്കറുടെ അധികാരത്തിലേക്കുണ്ടായ കടന്നുകയറ്റമെന്ന് പലരും വിമര്‍ശനമുന്നയിക്കാനിടിയുണ്ട്. അതങ്ങനെയല്ല, നിയമസഭയിലോ പാര്‍ലമെന്റിലോ വച്ച് ആരെങ്കിലും ആരെയെങ്കിലും കുത്തിക്കൊന്നാല്‍ കേസെടുക്കേണ്ടെന്ന് സ്പീക്കര്‍ക്ക് പറയാനാകില്ല, കോടതിയാണ് നടപടിയെടുക്കേണ്ടത്.

ഗുണ്ടകളെ പോലെ മുണ്ടും മടക്കിക്കുത്തി ഡയസില്‍ കയറിയാണ് കയ്യാങ്കളി നടത്തിയത്. അതാരുമാകട്ടെ, അവരൊന്നും പൊതുപ്രവര്‍ത്തകനാണെന്ന് തന്നെ പറയാന്‍ അര്‍ഹതയില്ല. അടിയും പിടിയുമൊക്കെ ആര്‍ക്കും കൂടാം. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അങ്ങനെയല്ല, അത് ജനങ്ങളുടെ നികുതിപ്പണമാണ്. കുറ്റം ചെയ്തവര്‍ സാധാരണ പൗരന്മാരെ പോലെതന്നെ വിചാരണ നേരിടണം.

വിധിയെ സ്വീകരിക്കുന്നുവെന്ന് പറയേണ്ട കാര്യം പോലുമില്ല. വിധി സുപ്രിംകോടതിയുടേതാണ്. അന്തസായി വിചാരണ നേരിടുകയാണ് വേണ്ടത്. ശിവന്‍കുട്ടിക്ക് മന്ത്രിയായിരിക്കാന്‍ ധാര്‍മികമായ അവകാശമുണ്ടോയെന്നും കെമാല്‍പാഷ ചോദിച്ചു.

 

Top