റിട്ട. ജഡ്ജി മുതൽ മുൻ ഡി.ജി.പിമാർ വരെ ചെമ്പടയുടെ പുതിയ ശത്രുക്കൾ !

രുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളാണ് പ്രതിപക്ഷ നിരയില്‍ ‘വരാന്‍’ സാധ്യതയുള്ളത്. അതില്‍ ഒന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി പി ‘സെന്‍കുമാറാണ്. രണ്ടാമത്തെ വ്യക്തി മുന്‍ ഹൈക്കോടതി ജഡ്ജി ‘കെമാല്‍ പാഷയാണ്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ പെടുന്നുണ്ട്. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ ടി.പി സെന്‍കുമാറിനെയും ജേക്കബ് തോമസിനെയും ബി.ജെ.പിയാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിക്കുന്നത്. വെള്ളാപ്പള്ളി വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സെന്‍കുമാറിനെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം തന്നെയാണ് രംഗത്തുള്ളത്. ജേക്കബ് തോമസിനായി ബി.ജെ.പിക്ക് പുറമെ ട്വന്റി ട്വന്റിയും അണിയറയില്‍ ചരട് വലി നടത്തുന്നുണ്ട്.

 

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ജസ്റ്റിസ് കെമാല്‍ പാഷ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നിലപാട് യു.ഡി.എഫ് നേതാക്കളെ പോലും ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, കളമശ്ശേരി മണ്ഡലങ്ങളില്‍ ഏതിലെങ്കിലും മത്സരിക്കാനാണ് കെമാല്‍ പാഷ ആഗ്രഹിക്കുന്നത്. ഇതില്‍ ഏറെ സാധ്യതയുള്ളത് കളമശ്ശേരി മണ്ഡലത്തിലാണ്. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ കുരുങ്ങിയതിനാല്‍ സിറ്റിംഗ് എം.എല്‍.എ വി.കെ ഇബ്രാഹിം കുഞ്ഞ് ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല. മുസ്ലീംലീഗ് മത്സരിക്കുന്ന സീറ്റായതിനാല്‍ ലീഗ് നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ കെമാല്‍ പാഷയുടെ മുന്നിലുള്ള മറ്റു തടസ്സങ്ങളും നീങ്ങും. കെമാല്‍ പാഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംസ്ഥാന തലത്തില്‍ തന്നെ യു.ഡി.എഫിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന കണക്ക് കൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം. ഇതു സംബന്ധമായി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഇബ്രാഹിംകുഞ്ഞിന്റെ ‘ഒഴിവില്‍’ സീറ്റ് മോഹിച്ച ലീഗ് നേതാക്കളെ നിരാശപ്പെടുത്തുന്ന നീക്കം കൂടിയാണിത്. യു.ഡി.എഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെമാല്‍പാഷ മത്സരിക്കട്ടെ എന്ന നിലപാടിനോടാണ് യു.ഡി.എഫില്‍ പ്രാമുഖ്യം. വേറിട്ട ശബ്ദമായി നിന്നിട്ട് ഒരു കാര്യവുമില്ലെന്ന് ബോധ്യമുള്ളത് കൊണ്ടാണ് മത്സരിക്കാന്‍ ആലോചിക്കുന്നതെന്നതാണ് കെമാല്‍ പാഷ പറയുന്നത്.

ഇടതുപക്ഷത്തിനോടും ബി.ജെ.പിയോടും തനിക്ക് താല്‍പ്പര്യമില്ലെന്നും ഇടതുപക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള തീരുമാനമെടുക്കാന്‍ കാരണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. വിജയിച്ചാല്‍ ശമ്പളം ആവശ്യപ്പെടില്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കിഴക്കബലം ട്വന്റി ട്വന്റിയും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കെമാല്‍ പാഷ സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും പിന്തുണയ്ക്കാനാണ് ട്വന്റി ട്വന്റി, വി ഫോര്‍ കൊച്ചി എന്നീ അരാഷ്ട്രിയ സംഘടനകളുടെയും തീരുമാനം. കര്‍ക്കശക്കാരനായ ന്യായാധിപനായി അറിയപ്പെട്ട കെമാല്‍ പാഷ 2018-ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം നിരവധി രാഷ്ട്രീയ പ്രസ്താവനകളിലൂടെയാണ് ജനശ്രദ്ധ നേടിയിരുന്നത്.

ഏറ്റവും ഒടുവില്‍ വൈറ്റില മേല്‍പ്പാല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ആരുടെയും തറവാട്ടില്‍ തേങ്ങാവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുമായിരുന്നു കെമാല്‍ പാഷ തുറന്നടിച്ചിരുന്നത്. ഇതിനെതിരെ, പൊതുമരാമത്ത് മന്ത്രി തന്നെ രംഗത്ത് വരുന്ന സാഹചര്യവുമുണ്ടായി.

 

സംസ്ഥാനത്ത് അഴിമതിയില്ലാത്ത ഒരു കാര്യവുമില്ലെന്ന് മുന്‍പും കെമാല്‍ പാഷ കുറ്റപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്നാണ് മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞിരുന്നത്. ചുരുക്കി പറഞ്ഞാല്‍, സംസ്ഥാന സര്‍ക്കാറിന്റെ ശക്തനായ വിമര്‍ശകനായാണ് കെമാല്‍ പാഷ ഇപ്പോള്‍ അറിയപ്പെടുന്നത്. അദ്ദേഹം മത്സരിക്കാന്‍ ഇറങ്ങിയാല്‍ അത് കേരളത്തെ സംബന്ധിച്ച് വേറിട്ടൊരു സംഭവം തന്നെയാകും. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച വ്യക്തി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് അപൂര്‍വ്വ സംഭവം തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ മുന്നേറ്റം കാഴ്ചവച്ച മണ്ഡലമാണ് കളമശ്ശേരി. വ്യാവസായിക മണ്ഡലമായാണ് ഇവിടം അറിയപ്പെടുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരായ ജനവികാരവും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടമായിട്ടുണ്ട്. ഈ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

കെമാല്‍ പാഷയെ മുന്‍ നിര്‍ത്തി മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫ് ശ്രമിച്ചാല്‍ സി.പി.എം, യുവ നേതാക്കളെ രംഗത്തിറക്കാനാണ് സാധ്യത. കെമാല്‍ പാഷ മത്സരിച്ചാല്‍ തോല്‍പ്പിക്കുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്നമായാണ് മാറാന്‍ പോകുന്നത്. ഇതുപോലെ തന്നെയാണ് മുന്‍ ഐ.പി.എസ് ഓഫീസര്‍മാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും. ടി പി സെന്‍കുമാറിനും ജേക്കബ് തോമസിനും ഇപ്പോഴും ഇടതുപക്ഷം കണ്ണിലെ കരടാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ സ്ഥാനം തെറിച്ച സെന്‍കുമാര്‍ പിന്നീട് സുപ്രീം കോടതി ഉത്തരവിന്റെ ബലത്തിലാണ് തിരികെ പൊലീസ് മേധാവിയായി ചുമതല ഏറ്റിരുന്നത്. വിജിലന്‍സ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസിനാകട്ടെ സര്‍ക്കാറുമായി ഉടക്കിയതിനെ തുടര്‍ന്നാണ് തല്‍സ്ഥാനവും നഷ്ടപ്പെട്ടിരുന്നത്.

 

 

സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം രണ്ടു പേരും സംഘപരിവാര്‍ പാളയത്തിലാണ് എത്തിയിരുന്നത്. വ്യക്തമായി പറഞ്ഞാല്‍, ആര്‍.എസ്.എസ് സ്തുതിപാടകരായാണ് ഇവര്‍ മാറിയിരുന്നത്. ഇരുവരും സംഘപരിവാര്‍ സംഘടനകളുടെ പരിപാടികളിലെ നിത്യസാന്നിധ്യവുമായിരുന്നു. ഈ രണ്ട് മുന്‍ പൊലീസ് ഏമാന്‍മാരുടെയും ഏക ശത്രു അന്നും ഇന്നും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാറുമാണ്. ഈ നിരയിലേക്കാണിപ്പോള്‍ മുന്‍ ഹൈക്കോടതി ജഡ്ജിയും വന്നിരിക്കുന്നത്. പ്രതിപക്ഷ നിരയെ ഈ നീക്കങ്ങള്‍ ആവേശം കൊള്ളിക്കുമ്പോള്‍ ഇടതുപക്ഷത്തിന് വെല്ലുവിളികള്‍ ഏറെയാണ്. ഇടതുപക്ഷ വിരുദ്ധരെയാകെ ഒറ്റക്ക് നേരിടേണ്ട സാഹചര്യമാണ് ചെമ്പടക്കുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായി യുവനിരയെ മുന്‍നിര്‍ത്തി പോരാടാന്‍ തന്നെയാണ് സി.പി.എമ്മിന്റെ തീരുമാനം. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തീ പാറുന്ന പോരാട്ടത്തിനാണ് ഇത്തവണ കേരളത്തില്‍ കളമൊരുങ്ങിയിരിക്കുന്നത്.

ജനക്ഷേമ പദ്ധതികളും വികസനവുമാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആയുധം. പ്രതിപക്ഷമാകട്ടെ ആരോപണങ്ങളെ തന്നെയാണ് ഇപ്പോഴും കൂട്ട് പിടിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ എന്താണ് ‘ബദല്‍’ എന്ന ചോദ്യത്തിന് ഇപ്പോഴും പ്രതിപക്ഷത്തിന് മറുപടി ഇല്ലാത്ത സാഹചര്യമാണുള്ളത്. പിണറായിക്ക് ‘ബദല്‍’ ആര് എന്ന ചോദ്യത്തിനും അവര്‍ക്കിടയില്‍ തന്നെ തീരുമാനമായിട്ടില്ല. ഉമ്മന്‍ ചാണ്ടി മുതല്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും വരെ നീളുന്ന പട്ടികയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഉപമുഖ്യമന്ത്രി കുപ്പായമിട്ട് കുഞ്ഞാലിക്കുട്ടിയും അണിയറയില്‍ സജീവമാണ്.

 

ഇത്തവണ ഭരണം തിരിച്ചു പിടിച്ചില്ലങ്കില്‍ ഇനി ഒരിക്കലും ഇല്ല എന്നതാണ് യു.ഡി.എഫിന്റെ അവസ്ഥ. അതേസമയം ബി.ജെ.പിയാകട്ടെ, 10 സീറ്റുകളിലെങ്കിലും വിജയിക്കണമെന്ന ‘അജണ്ട’ മുന്‍ നിര്‍ത്തിയാണ് കരുക്കള്‍ നീക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ശക്തമായ പിന്തുണയും കാവിപ്പടക്കുണ്ട്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ അതും ഇടതുപക്ഷത്തിന് തന്നെ ഗുണമാകാനാണ് സാധ്യത. പ്രചരണത്തിനായി ബി.ജെ.പിക്ക് വേണ്ടി യോഗി ആദിത്യനാഥ് മുതല്‍ പ്രധാനമന്ത്രി വരെ കേരളത്തിലെത്തും. കേന്ദ്ര മന്ത്രിമാരും തമ്പടിക്കും. കോണ്‍ഗ്രസ്സിനായി രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സംഘമെത്തുക. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സജീവമായി തന്നെ രംഗത്തുണ്ടാകും.

അതേസമയം, ഇടതുപക്ഷം പ്രധാനമായും ആശ്രയിക്കുന്നത് ചെങ്കൊടിയെ തന്നെയായിരിക്കും. ഇടതുപക്ഷത്തെ ദേശീയ നേതാക്കള്‍ പ്രചരണത്തിന് എത്തുമെങ്കിലും ഒരിക്കലും നേതാക്കളില്‍ മാത്രം കേന്ദ്രീകരിച്ച പ്രവര്‍ത്തനം ഉണ്ടാകുകയില്ല. വി.എസും അനാരോഗ്യം കാരണം പ്രചരണ രംഗത്തുണ്ടാവില്ല. ഫലത്തില്‍, പിണറായിയുടെ നേതൃത്വത്തിലായിരിക്കും ചെമ്പട പടക്കളത്തില്‍ ഇറങ്ങുക. ശക്തമായ സംഘടനാ കരുത്തിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിച്ച ആത്മവിശ്വാസവുമായാണ്, ഇടതുപക്ഷം അങ്കത്തട്ടിലേക്ക് ഇറങ്ങുന്നത്. ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ആര് വാഴും, ആര് വീഴുമെന്നതാണിപ്പോള്‍ രാജ്യവും ഉറ്റുനോക്കുന്നത്.

Top