ബര്‍ട്ടന്‍ ആല്‍ബിയോണിന്റെ മുന്‍ കളിക്കാരന്‍ കെല്‍വിന്‍ മെയ്‌നാഡ് വെടിയേറ്റു മരിച്ചു

ആംസ്റ്റര്‍ഡാം: ഇംഗ്ലീഷ് ക്ലബ്ബ് ബര്‍ട്ടന്‍ ആല്‍ബിയോണിന്റെ മുന്‍ കളിക്കാരനായ കെല്‍വിന്‍ മെയ്‌നാഡ് വെടിയേറ്റു മരിച്ചു. ആംസ്റ്റര്‍ഡാമിലെ ലാംഗ്ബ്രുക്ഡ്രീഫിലാണ് സംഭവം. അജ്ഞാതര്‍ കാറിനുള്ളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

2014 നവംബറിലാണ് ഡച്ച്-സുരിനാമീസ് താരമായ മെയ്‌നാഡ് ബര്‍ട്ടനില്‍ എത്തുന്നത്. ടീമിനായി 10 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ മെയ്നാഡിന് പരിക്ക് വില്ലനായി മാറുകയായിരുന്നു. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് ഏറെക്കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. പിന്നീട് തിരിച്ചെത്തിയ താരം 2017 സീസണില്‍ ബര്‍ട്ടനില്‍ നിന്ന് സ്പാക്കന്‍ബര്‍ഗിലേക്ക് മെയ്‌നാഡ് കൂടുമാറി.

വോളെന്‍ഡാം എഫ്‌സിയിലൂടെ കരിയര്‍ ആരംഭിച്ച മെയ്‌നാഡ് റോയല്‍ ആന്റ്വേപ്, എഫ്‌സി എമ്മെന്‍ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

Top