വ്യാപാര രഹസ്യമായതിനാൽ ‘എഐ ക്യാമറ’കളുടെ വില വെളിപ്പെടുത്താൻ ആകില്ലെന്ന് കെൽട്രോൺ

തിരുവനന്തപുരം : സേഫ് കേരള പദ്ധതി പ്രകാരം റോഡുകളിൽ സ്ഥാപിച്ച ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് കെൽട്രോൺ. കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടുന്നതിനാൽ ക്യാമറയുടെ വിലവിവരം വെളിപ്പെടുത്താനാകില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

ക്യാമറകളുടെ വിലയിൽ രഹസ്യസ്വഭാവം ഇല്ലെന്നിരിക്കെയാണ് കെൽട്രോൺ വിവരം നിരസിച്ചത്. ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപയാണ് വിലയെന്നാണ് കെൽട്രോൺ സിഎംഡി എൻ.നാരായണ മൂർത്തി മുൻപ് വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. റോഡ് ക്യാമറ സംബന്ധിച്ച് സർക്കാരിന് സമർപ്പിച്ച ടെക്നോ കൊമേഷ്യൽ പ്രെപ്പോസലും പുറത്തുവിടാൻ കെൽട്രോൺ തയാറല്ല. വ്യാപാര രഹസ്യങ്ങളുള്ള കരാറാണെന്നാണ് വാദം.

4ഡി റഡാർ ബേസ്‌ഡ് ഓട്ടോമേറ്റഡ് സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (4 എണ്ണം), 4ഡി–3ഡി റഡാർ ബേസ്‌ഡ് ഓട്ടോമേറ്റഡ് മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (4എണ്ണം), റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (18 എണ്ണം), പാർക്കിങ് വയലേഷൻ സിസ്റ്റം (25 എണ്ണം), എഐ ബേസ്‌ഡ് എൻഫോഴ്സ്മെന്റ് സിസ്റ്റം (675 എണ്ണം) എന്നിവയാണ് റോഡുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് ഐഡന്റിഫിക്കേഷൻ സംവിധാനമുണ്ട്. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് സർവറിലേക്ക് അയയ്ക്കുന്നത്. വിഡിയോ എടുക്കാനുള്ള സംവിധാനമില്ല.

677 ക്യാമറകൾ പ്രവർത്തിക്കുന്നത് സോളര്‍ പവർ കൊണ്ടാണ്. ക്യാമറകൾ പകർത്തുന്ന ചിത്രങ്ങൾ ഓട്ടോമേറ്റഡ് ആയാണ് (എഡ്ജ് പ്രോസസിങ്) പ്രോസസ് ചെയ്യുന്നത്. സീറ്റ് ബൈൽറ്റ് ധരിക്കാതെയുള്ള യാത്ര, ഹെൽമെറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹനങ്ങളിലെ യാത്ര, രണ്ടിൽ കൂടുതൽ പേർ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നത്, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നീ ഗതാഗത ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രോസസ് ചെയ്യുന്നതും സ്റ്റോർ ചെയ്യുന്നതിനുവേണ്ടി സെൻട്രൽ കൺട്രോൾ റൂമിലെ സെർവറിലേക്ക് അയയ്ക്കുന്നതും പൂർണമായും ഓട്ടോമേറ്റഡ് ആയാണ്.

മെഷീൻ ലേണിങ്ങിന്റെ ശാഖയായ ഡീപ്പ് ലേണിങ് സങ്കേതിക വിദ്യയാണ് ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കണ്ടെത്താൻ ഉപയോഗിക്കുന്നതെന്നും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ മറുപടിയിൽ പറയുന്നു. സർക്കാർ ഇവാല്യുവേഷൻ കമ്മിറ്റി പരിശോധിച്ചശേഷം 20 ത്രൈമാസ ഗഡുക്കളായി 5 വർഷം കൊണ്ടാണ് കെൽട്രോണിന് ക്യാമറ പദ്ധതിയുടെ തുക സർക്കാർ കൈമാറുന്നത്. കരാർ കമ്പനിയായ എസ്ആർഐടിയുടെ ടെണ്ടർ തുകയായ 151.22 കോടി രൂപ 20 തുല്യ ഗഡുക്കളായി കെൽട്രോൺ നൽകും. പദ്ധതിയുടെ മൊത്തം ചെലവ് 232 കോടി രൂപയാണ്.

Top