Kejriwal’s wife takes voluntary retirement from IRS

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഏറ്റുമുട്ടലിന് ‘ശക്തി’ പകര്‍ന്ന് ഭാര്യയും.

ഇന്ത്യന്‍ റവന്യു സര്‍വ്വീസ് (ഐ.ആര്‍.എസ്) 1993 ബാച്ചുകാരിയായ സുനിത നീണ്ട ഇരുപത്തിരണ്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതമാണ് കഴിഞ്ഞദിവസം സ്വയം അവസാനിപ്പിച്ചത്.

നിലവില്‍ ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ കമ്മീഷണറായ സുനിത സ്വയം വിരമിക്കാന്‍ നല്‍കിയ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു.

20 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയതിനാല്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുമെങ്കിലും ഇത്രയും വലിയ തസ്തികയില്‍ ഇനിയും വിരമിക്കാന്‍ ഇനി 9 വര്‍ഷം അവശേഷിക്കേ സുനിത എടുത്ത തീരുമാനം സഹപ്രവര്‍ത്തകരെയാകെ ഞെട്ടിച്ചിട്ടുണ്ട്.

kej1

കേന്ദ്ര സര്‍ക്കാരും ഡല്‍ഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങള്‍ നടക്കുന്ന തുറന്ന പോരാണ് സുനിതയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

ഇനി അരവിന്ദ് കെജ്‌രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ മുഴുവന്‍ സമയവും കൂടെ നില്‍ക്കാനാണ് അവരുടെ തീരുമാനം.

കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ഐ.ആര്‍.എസുകാരിയായ ഭാര്യയെ വിദൂര സംസ്ഥാനങ്ങളിലേക്ക് വരെ തെറുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്ന കെജ്‌രിവാള്‍ തീരുമാനം ഭാര്യയുടെ ഇഷ്ടത്തിന് വിടുകയായിരുന്നു.

കെജ്‌രിവാളിനെപ്പോലെ തന്നെ കര്‍ക്കശക്കാരിയായിട്ടാണ് സുനിതയും ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയപ്പെടുന്നത്.

1993ലെ ഐ.ആര്‍.എസ് ബാച്ചുകാരിയായ സുനിതയെ ഒരു പരിശീലന പരിപാടിക്കിടെയാണ് 1995 ബാച്ചുകാരനായിരുന്ന അരവിന്ദ് കെജ്‌രിവാള്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഇത് പ്രണയമാവുകയും വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു. കെജ്‌രിവാളിന് മുന്‍പ് സിവില്‍ സര്‍വ്വീസില്‍ കടന്നുകൂടിയെങ്കിലും സുനിതയ്ക്ക് എത്രയോ മുന്‍പ് സിവില്‍ സര്‍വ്വീസിനോട് കെജ്‌രിവാള്‍ ഗുഡ്‌ബൈ പറഞ്ഞിരുന്നു.

kej2

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കെജ്‌രിവാളും എ.എ.പി യും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിയാകുമെന്ന് കണ്ട് കടുത്ത പ്രതിരോധമാണ് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് മുന്നില്‍ തീര്‍ക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബിലെ ഭരണം എ.എ.പി പിടിക്കുമെന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെ ഗോവയില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി നടത്തിയതും പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ സംവരണ പ്രക്ഷോഭകരെ ആകര്‍ഷിച്ച് കെജ്‌രിവാള്‍ നടത്തുന്ന ഇടപെടലുമെല്ലാം ബി.ജെ.പിക്കിപ്പോള്‍ വലിയ തലവേദനയായിരിക്കുകയാണ്.

ഡല്‍ഹിയുടെ സമീപ പ്രദേശമായ ഹരിയാനയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി മത്സരിച്ചിരുന്നില്ലെങ്കിലും അവിടുത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടയായി അവര്‍ ഇതിനകം തന്നെ മാറിയിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ വ്യക്തി പ്രഭാവത്തോട് ഏറ്റുമുട്ടാന്‍ കെജ്‌രിവാളിനെ മുന്‍നിര്‍ത്താന്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ രംഗത്ത് വരാനുള്ള സാഹചര്യവും ബി.ജെ.പി മുന്‍കൂട്ടി കാണുന്നുണ്ട്.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള കെജ്‌രിവാളിന്റെ സൗഹൃദം വിശാല സഖ്യത്തിലേക്ക് കലാശിക്കുമോ എന്ന് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുകയാണ്. ഭാര്യകൂടി പദവി രാജിവച്ചതോടെ കെജ്‌രിവാളിന്റെ നീക്കങ്ങള്‍ക്ക് ഇനി വേഗത കൂടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Top