‘ഈ മകന് നിങ്ങളുടെ അനുഗ്രഹം വേണം’ ; ഡല്‍ഹിയിലെ ജനങ്ങളോട് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ അരവിന്ദ് കെജ്രിവാള്‍ തന്റെ മൂന്നാം ഊഴത്തില്‍ സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.15ന് രാം ലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

ഇപ്പോഴിതാ തന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറൂകള്‍ മാത്രം ശേഷിക്കെ ഒരിക്കല്‍ കൂടി ജനങ്ങളുടെ അനുഗ്രഹം തേടി രംഗത്ത് വന്നിരിക്കുകയാണ് നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എല്ലാവരും മറക്കാതെ ചടങ്ങില്‍ പങ്കെടുക്കണമെന്ന് കെജ്രിവാള്‍ രാവിലെ ട്വീറ്റ് ചെയ്തു.

‘ഡല്‍ഹിക്കാരേ, നിങ്ങളുടെ മകന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുകയാണ്. മകനെ അനുഗ്രഹിക്കാന്‍ നിങ്ങളൊക്കെ തീര്‍ച്ചയായും എത്തണം’- കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ യഥാര്‍ത്ഥ പ്രതിനിധികള്‍ സാധാരണ ജനങ്ങളായതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശുചീകരണത്തൊഴിലാളികള്‍ ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവര്‍മാര്‍, സ്‌കൂളിലെ പ്യൂണ്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള 50 പേരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിടുന്നത്. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ടെന്നീസ് താരവുമായ സുമിത് നാഗല്‍, ഓട്ടോ ഡ്രൈവറായ ലക്ഷ്മണ്‍ ചൗധരി, അധ്യാപകനായ മനു ഗുലാത്തി, കര്‍ഷകനായ ദല്‍ബീര്‍ സിംഗ് തുടങ്ങിയവരൊക്കെയാണ് ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ട വിശിഷ്ടാതിഥി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.

കെജ്രിവാളിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗഗം എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍.

Top