ഡല്‍ഹിയില്‍ ജനങ്ങള്‍ പരമാവധി വീട്ടില്‍ തന്നെ കഴിയണമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് വ്യാപനം ആശങ്കജനകമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ആശുപത്രികളെ സമീപിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിന്‍ എടുത്തവരും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുകയും കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുകയും ചെയ്യണമെന്നും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

ലോക്ക്ഡൗണ്‍ കൊണ്ട് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവും എന്ന് കരുതുന്നില്ല. എന്നാല്‍ ഡല്‍ഹിയിലെ ആശുപത്രി സംവിധാനങ്ങള്‍ തകര്‍ന്നാല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വരും. നിലവില്‍ ആശുപത്രികളില്‍ രോഗികള്‍ക്കായി ബെഡുകള്‍ ഒഴിവുണ്ട്. ആളുകള്‍ സ്വകാര്യ ആശുപത്രികളിലേക്ക് ഓടുന്നത് അവസാനിപ്പിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങളുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഒരേ സമയം ബെഡുകള്‍ ഒഴിവില്ലാത്ത ഒരു ഘട്ടം വന്നാല്‍ മാത്രമേ ലോക്ക് ഡൗണിനെക്കുറിച്ച് ആലോചിക്കാനാവൂ – കെജ്രിവാള്‍ വിശദീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ 10,732 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1.52 ലക്ഷം കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യമാകെ റിപ്പോര്‍ട്ട് ചെയ്തത്.

 

Top