ഗുജറാത്തില്‍ ആം ആദ്‌മി അധികാരത്തിലെത്തുമെന്ന് കെജ്രിവാള്‍

ഡൽഹി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ തന്റെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. വലിയ പിന്തുണയാണ് പാര്‍ട്ടിക്കുള്ളതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ എഎഎപി വിജയിക്കും. ആം ആദ്മിക്കുള്ള വോട്ടുകള്‍ ചോര്‍ത്താനായി ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനായി ഇരുവരും രഹസ്യമായി കൂടിക്കാഴ്ച നടത്തുകയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിക്കൊണ്ട് ബിജെപി ഇതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നാണ് ബിജെപിയുടെ ലക്ഷ്യം, എഎപി വോട്ടുകള്‍ ഭിന്നിപ്പിക്കുകയെന്നാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കെജ്രിവാളിന്റെ പ്രതികരണം.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് 182ല്‍ പത്ത് സീറ്റിലധികം നേടാന്‍ കഴിയില്ല. വിജയിക്കുന്നവര്‍ പിന്നീട് ബിജെപിയില്‍ ചേരും. അതിനാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് വെറുതെയാണ്. ബിജെപിയില്‍ അസ്വസ്ഥരായ എല്ലാവരും എഎപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡല്‍ഹിയിലേയും പഞ്ചാബിലേയും വിജയത്തിന് പിന്നാലെ ഗുജറാത്തിലും വേരുറപ്പിക്കാനായി വമ്പന്‍ പ്രചാരണത്തിലാണ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സംഘം.

Top