സത്യേന്ദ്ര ജെയിനെ ഇ.ഡി ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ.ഡി ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആം.ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിയെ പോലെ കരയില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

‘ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ.ഡി ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനും മുമ്പും ഇ.ഡി പലവുരു അദ്ദേഹത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഒന്നും ഇക്കൂട്ടര്‍ക്ക് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇ.ഡി ക്ക് ഞങ്ങളുടെ കൂട്ടത്തില്‍ ആരെ വേണമെങ്കിലും റെയ്ഡ് ചെയ്യാം. ജെയിന്‍ എന്തായാലും ചന്നിയെ പോലെ കരയില്ല’ കെജ്‌രിവാള്‍ പറഞ്ഞു.

അനധികൃത മണല്‍ഖനനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജീത് സിങ് ചന്നിയുടെ മരുമകന്റേയും സുഹൃത്തുക്കളുടേയും വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞയാഴ്ച്ച റെയ്ഡ് നടത്തിയിരുന്നു.റെയ്ഡില്‍ ആറ് കോടിയിലധികം രൂപയാണ് ഇ.ഡി പിടിച്ചെടുത്തത്.

ഇതിനെത്തുടര്‍ന്ന് തന്നെ വിമര്‍ശിച്ച കെജ്‌രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ചന്നി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിക്ക് പലതും മറച്ചുവക്കാനുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് ഒന്നും മറക്കാനില്ലെന്നും തങ്ങള്‍ ഒരു റെയ്ഡിനേയും ഭയക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

 

 

 

Top